മുത്തശ്ശനെയും മുത്തശ്ശിയെയും അധ്യാപകരെയും വെടിവച്ചുകൊന്ന് പതിനാലുകാരന് ജീവനൊടുക്കി

ബാങ്കോക്: തായ്ലൻഡിൽ സ്വന്തം മുത്തശ്ശനെയും മുത്തശ്ശിയെയും അധ്യാപകരെയും വെടിവെച്ചുകൊന്ന് പതിനാലുകാരൻ ജീവനൊടുക്കി. ബാങ്കോക്കിന് സമീപമുള്ള നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ സ്കൂളിലാണ് രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയ ദാരുണ സംഭവമുണ്ടായത്. അഞ്ചുപേരുടെ ജീവനെടുത്ത ശേഷമാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചത്.
രാവിലെ സ്കൂളിലേക്ക് തിരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിൽവെച്ചാണ് കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തിയ വിദ്യാർഥി ഓരോ ക്ലാസ് മുറികളിലായി കയറിയിറങ്ങി അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റിട്ടയേർഡ് അധ്യാപകനായ മുത്തശ്ശന്റെ 9 എം.എം ഹാൻഡ്ഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഗുരുതര മാനസിക സമ്മർദത്തിലായിരുന്ന വിദ്യാർഥി കഴിഞ്ഞ ഡിസംബറിൽ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നതായി പ്രാദേശിക പൊലീസ് മേധാവി വ്യക്തമാക്കി. ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസും സുരക്ഷാ ഏജൻസികളും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദാരുണ സംഭവത്തിൽ തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ഇരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ അദ്ദേഹം നിർദേശം നൽകി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തോക്ക് ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്.
