കിണറ്റിലെ വെള്ളത്തിന് അസാധാരണ ചലനം, അമ്പരന്ന് നാട്ടുകാർ; പ്രകൃതിയുടെ വികൃതിയോ അതോ മറ്റെന്തെങ്കിലും?

മോർബി: ഗുജറാത്തിലെ മോർബിയിൽ കിണറ്റിലെ വെള്ളം അപൂർവമായി ഇരുവശത്തേക്കും തുടർച്ചയായി ചലിക്കുന്നത് പ്രദേശവാസികളിൽ അമ്പരപ്പും ആശങ്കയും സൃഷ്ടിക്കുന്നു. മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിൽ പ്രാൺജിവാൻ സദാരി എന്നയാളുടെ കൃഷിസ്ഥലത്തുള്ള 18 അടി താഴ്ചയുള്ള കിണറിലാണ് ഈ വ്യത്യസ്ത പ്രതിഭാസം കാണപ്പെട്ടത്. സംഭവം അറിയാൻ വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് എത്തുന്നത്.
ഓഗസ്റ്റ് രണ്ട് മുതലാണ് കിണറ്റിൽ വെള്ളത്തിന്റെ അസാധാരണ ചലനം ശ്രദ്ധയിൽപെട്ടത്. ഇടയ്ക്ക് സാധാരണ നിലയിലായെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും ചലനം ശക്തമായി. മൂന്ന് മാസം മുമ്പ് കുഴിച്ച ഈ കിണറിൽ മാത്രമാണ് പ്രതിഭാസമെന്നതും തൊട്ടടുത്തുള്ള മറ്റു കിണറുകളിലെ വെള്ളം നിശ്ചലമാണെന്നതും കൗതുകം കൂട്ടുന്നു. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സമീപ ഗ്രാമങ്ങളിൽ നിന്നും ഹൈവേയിലൂടെ പോകുന്ന യാത്രക്കാരടക്കം നൂറുകണക്കിന് ആളുകളാണ് വിർപാർദയിലേക്ക് ഒഴുകിയെത്തുന്നത്.
പ്രദേശത്ത് മുമ്പ് ഭൂചലനങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണോ ഇതെന്ന് നാട്ടുകാർ ഭയപ്പെടുന്നുണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങൾ ജില്ലാ ഭരണകൂടവും ഭൗമശാസ്ത്രജ്ഞരും തള്ളി.
സംഭവം ഭൂചലനത്തിന്റെ ലക്ഷണങ്ങളല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് ജെ.എസ്. വാധേർ വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് വൻതോതിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ, പാറയിടുക്കുകളിലെ സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു വലിയ സമ്മർദത്തിൽ പുറന്തള്ളപ്പെടുന്നതാണ് വെള്ളത്തിന്റെ ഈ ചലനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനായി വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്താൻ ഗാന്ധിനഗറിലെ സീസ്മോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. വിദഗ്ധ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വിശദമായ സാമ്പിൾ പരിശോധനകൾ നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
