പാകിസ്ഥാൻ നിരസിച്ചയാൾ എയർ ഇന്ത്യയുടെ തലപ്പത്തേക്ക്? ആരാണ് ടെവോൾഡെ ഗെബ്രെമാരിയം?

ന്യൂഡൽഹി: പാകിസ്ഥാൻ ദേശീയ വിമാനക്കമ്പനിയുടെ തലപ്പത്തേക്ക് പരിഗണിക്കപ്പെടുകയും പിന്നീട് സുരക്ഷാ അനുമതി ലഭിക്കാതെ പുറത്താവുകയും ചെയ്ത പ്രമുഖ വ്യോമയാന വിദഗ്ധൻ ടെവോൾഡെ ഗെബ്രെമാരിയം എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി (എംഡി) ചുമതലയേൽക്കുന്നു. സ്ഥാനമൊഴിയുന്ന കാംപ്ബെൽ വിൽസന് പകരക്കാരനായാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെത്തുന്നത്.
എത്യോപ്യൻ എയർലൈൻസിനെ ദീർഘകാലം വിജയകരമായി നയിച്ച് ആഗോള ശ്രദ്ധനേടിയ വ്യക്തിയാണ് ഗെബ്രെമാരിയം. സ്വകാര്യവത്കരണ ഘട്ടത്തിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെ (പിഐഎ) പുനരുദ്ധരിക്കാൻ ഇദ്ദേഹത്തെ നിയമിക്കാൻ നീക്കങ്ങൾ നടന്നിരുന്നെങ്കിലും പാക് സർക്കാറിന്റെ സുരക്ഷാ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് നിയമനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് പാക് അധികൃതർ തയ്യാറായിരുന്നില്ല.
വ്യോമയാന മേഖലയിലെ അദ്ദേഹത്തിന്റെ ദീർഘകാല പരിചയസമ്പത്ത് എയർ ഇന്ത്യക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർവീസുകൾ വിപുലീകരിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്ന നിർണായക ഘട്ടത്തിലാണ് ഈ പുതിയ നിയമനം. പാകിസ്ഥാനിൽ നടക്കാതെപോയ നിയമനത്തിന് ശേഷം അദ്ദേഹം എയർ ഇന്ത്യയുടെ തലപ്പത്തെത്തുന്നത് വ്യോമയാന ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
