രണ്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ റദ്ദാക്കൽ എമിറേറ്റ്സ്, എത്തിഹാദ് എയർവേസ് തുടങ്ങിയ കമ്പനികൾ തുടർച്ചയായ മൂന്നാം ആഴ്ചയിലേക്കും നീട്ടി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ചില വിമാനക്കമ്പനികൾ സർവീസുകൾ പരിമിതമായ തോതിൽ തുടരുന്നുണ്ട്. പ്രമുഖ എയർലൈനുകളുടെ നിലവിലെ സർവീസ് വിവരങ്ങൾ താഴെ പറയുന്നവയാണ്:
പ്രധാന വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ
- എത്തിഹാദ് എയർവേസ്: അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിനും ബഹ്റൈനും ഇടയിലുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കുവൈത്തിലേക്കും തിരിച്ചുമുള്ള EY653, EY654 സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.
- എമിറേറ്റ്സ്: ദുബായിൽനിന്ന് ബഹ്റൈനിലേക്കുള്ള ഇകെ835, ഇകെ837, ഇകെ838, ഇകെ839 സർവീസുകൾ തുടർച്ചയായ മൂന്നാം ആഴ്ചയും റദ്ദാക്കി. ദുബായ്-കുവൈത്ത് റൂട്ടിലെ ഇകെ853, ഇകെ855, ഇകെ857, ഇകെ859 സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല.
- ഫ്ലൈദുബായ്: നിലവിലെ പ്രതിസന്ധിക്കിടയിലും ദുബായ്-ബഹ്റൈൻ റൂട്ടിൽ എഫ്ഇസഡ് 063 പ്രതിദിന സർവീസും എഫ്ഇസഡ് 059 പതിവ് സർവീസും തടസ്സമില്ലാതെ തുടരുന്നുണ്ട്. കുവൈത്തിലേക്കുള്ള സർവീസുകളും മുടക്കമില്ലാതെ നടക്കുന്നുണ്ട്.
- എയർ അറേബ്യ: ഷാർജയിൽനിന്ന് ബഹ്റൈനിലേക്കുള്ള ജി9107 സർവീസ് റദ്ദാക്കിയെങ്കിലും ജി9101, ജി9103, ജി9105 സർവീസുകൾ കൃത്യസമയത്ത് ഓപറേറ്റ് ചെയ്യുന്നുണ്ട്. കുവൈത്തിലേക്കുള്ള ചില സർവീസുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സമയമാറ്റമുണ്ട്.
യാത്രക്കാർക്ക് ജാഗ്രതാ നിർദേശം: സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
