‘ഉന്മാദ’ത്തിന്റെ പുതിയ പോസ്റ്റർ ചർച്ചയാവുന്നു; പോലീസ് യൂണിഫോമിലും സാധാരണക്കാരനായും രണ്ട് ഷെല്ലിയോ; ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

കോഴിക്കോട്: കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ചെത്തിയ ക്രൈം ത്രില്ലർ ചിത്രം ‘ഉന്മാദം’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നതിനിടയിൽ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷെല്ലിയുടെ രണ്ട് വ്യത്യസ്ത വേഷപ്പകർച്ചകളാണ് പുതിയ പോസ്റ്ററിന്റെ പ്രധാന ആകർഷണം.
പോലീസ് യൂണിഫോമിലും സാധാരണക്കാരനുമായാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം, ചിത്രത്തിലെ മറ്റ് നാല് കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ‘സത്യമേത്? മിഥ്യയേത്?’ എന്ന ചോദ്യവും ശാസ്ത്രീയ നിരീക്ഷണങ്ങളും ജ്യോതിഷ സംബന്ധമായ ഇടപെടലുകളുമൊക്കെയാണ് ഈ സംഭാഷണങ്ങളിൽ നിന്ന് വായിച്ചെടുക്കാനാകുന്നത്. മനുഷ്യ മനസ്സിനുള്ളിലെ വിശ്വാസവും അന്ധവിശ്വാസവും യുക്തിയുമൊക്കെ ചർച്ച ചെയ്യുന്നതാണ് പോസ്റ്ററെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മനുഷ്യരുടെ നിഗൂഢമായ മാനസിക വ്യാപാരങ്ങളും അതീന്ദ്രിയ കാഴ്ചകളുമൊക്കെയാണ് ചിത്രം സംസാരിക്കുന്നത്. ഉള്ളിൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ഷെല്ലി എന്ന പോലീസുകാരനായി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘ഉന്മാദം’. ഷാഹി കബീറിന്റേതാണ് തിരക്കഥ. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ചിത്രം ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അർജുൻ സേതുവാണ് ഛായാഗ്രഹണം, സംഗീതം: മുജീബ് മജീദ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
