‘ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യ ശരീരം പോലെ പോലെ സ്നേഹിക്കാൻ ഞാൻ പഠിക്കണം’; പരിക്കിനെ കുറിച്ച് രശ്മിക

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം രശ്മിക മന്ദാനയ്ക്ക് പരിക്ക്. ‘മൈസ’ എന്ന പുതിയ ചിത്രത്തിന്റെ ഡാൻസ് ഷൂട്ടിംഗിനിടയിലാണ് താരത്തിന് പരിക്കേറ്റത്. തുടർച്ചയായി തനിക്ക് സംഭവിക്കുന്ന മൂന്നാമത്തെ പരിക്കാണിതെന്ന് വ്യക്തമാക്കിയ താരം, ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ മനുഷ്യ ശരീരമായി സ്നേഹിക്കാൻ താൻ പഠിക്കണമെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിൽക്കേണ്ടി വന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചത്. വലതു ഇടുപ്പിലെ ടെൻഡോൺ (Tendons) അടർന്നുപോയതാണ് പരിക്കിന് കാരണം. കാൽ ഉയർത്താനും മറ്റും ഇത് വീണ്ടും പഴയപോലെ ഒട്ടിച്ചേരേണ്ടതുണ്ടെന്ന് രശ്മിക വ്യക്തമാക്കി.
“പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ എന്ത് ചെയ്യാൻ, ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരിക്കാണിത്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യന്റെ ശരീരം പോലെ സ്നേഹിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം,” – താരം കുറിച്ചു.
ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കഠിനമായ ചിത്രീകരണമായിരുന്നു ‘മൈസ’യിലേതെന്നും എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു.
“നമ്മൾ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിർബന്ധിത വിശ്രമമായിരിക്കാം ഇത്! എനിക്ക് വരുന്ന ഈ പരിക്കുകളെല്ലാം വളരെ യാദൃശ്ചികമാണ്. ഒരു നിർബന്ധിത അവധി – എന്നാലും ഞാൻ ഒട്ടും പരാതിപ്പെടുന്നില്ല,” രശ്മിക വ്യക്തമാക്കി.
