ഇറാന്റെ പ്രോക്സികൾ നിരന്തര ശല്യം, യുദ്ധത്തിന് യുഎസിനൊപ്പം മുന്നിട്ടിറങ്ങി സൗദിയും

പശ്ചിമേഷ്യയിൽ രാഷ്ട്രീയ സമവാക്യങ്ങൾ അതിവേഗം മാറിമറിയുകയാണ്. ഇറാൻ്റെ സ്വാധീനവലയത്തിന് ശക്തമായ പ്രഹരമേൽപ്പിച്ചുകൊണ്ട് ഗാസയിൽ നിർണ്ണായക മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന സുന്നി-ഷിയാ ശത്രുതയുടെയും പ്രാദേശിക ആധിപത്യ പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിൽ, ഈ പുതിയ നീക്കങ്ങൾ വലിയ ചർച്ചയാവുകയാണ്.
സുന്നി രാജ്യമായ സൗദി അറേബ്യയും ഷിയാ രാജ്യമായ ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രാദേശിക ആധിപത്യത്തിനായുള്ള ഈ ഇരുരാജ്യങ്ങളുടെയും തർക്കം മിഡിൽ ഈസ്റ്റിൻ്റെ സമാധാനാന്തരീക്ഷത്തെ നിരന്തരം ഉലച്ചിട്ടുണ്ട്. തങ്ങളുടെ ശത്രുരാജ്യങ്ങളെ വളഞ്ഞുനശിപ്പിക്കാൻ ശക്തമായ പ്രോക്സി സംഘടനകളെയാണ് ഇറാൻ കൂട്ടുപിടിക്കുന്നത്. ഇസ്രയേലിൻ്റെ ഉന്മൂലനം ലക്ഷ്യമിട്ടാണ് ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹെസ്ബുള്ളയെയും ഇറാൻ വളർത്തിയെടുത്തത്. യെമനിൽ ഹൂതികളെ പോറ്റി വളർത്തിയത് പ്രധാനമായും സൗദി അറേബ്യയെ ലക്ഷ്യമിട്ടാണ്. സിറിയയിലെ അസർ ഭരണകൂടവും ഇറാനും പരസ്പരം പിന്തുണച്ചു. സിറിയൻ വഴിയാണ് ലെബനനിലെ ഹെസ്ബുള്ളയ്ക്ക് ആവശ്യമായ ആയുധങ്ങൾ ഇറാൻ എത്തിച്ചിരുന്നത്.
എന്നാൽ ഇറാനിയൻ സ്വാധീനത്തിന് കനത്ത തിരിച്ചടിയായി, ഗാസയിൽ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. നിരായുധീകരണത്തിന് ഹമാസ് സമ്മതിച്ചിരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഔദ്യോഗികമായി അറിയിക്കുകയും, ഹമാസ് അത് സ്ഥിരീകരിക്കുകയും ചെയ്തു. ഇത് യാഥാർത്ഥ്യമായാൽ മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സമാധാന നീക്കങ്ങളിലൊന്നാകും ഇത്. മധ്യസ്ഥർ മുന്നോട്ടുവെച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസിൻ്റെ പുതിയ നേതാവായി ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് നിരായുധീകരണമെന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് പുതിയ നേതൃത്വം എത്തിച്ചേർന്നത്. പലസ്തീൻ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെക്കുന്നുണ്ട്. കെയ്റോയിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകളിൽ അമേരിക്ക, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കും. ഹമാസിൻ്റെ നിരായുധീകരണത്തിനൊപ്പം ഇസ്രയേലിൻ്റെ പിന്മാറ്റവുമാണ് സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥ. ഹെസ്ബുള്ളയുടെ മാതൃകയിൽ ഒരു രാഷ്ട്രീയ ശക്തിയായി മാത്രം ഒതുങ്ങാനാണോ ഹമാസിന്റെ ഈ നീക്കമെന്ന് നിരീക്ഷകർ സംശയിക്കുന്നുണ്ട്.
സിറിയയിലെ രാഷ്ട്രീയ മാറ്റവും ഇറാൻ്റെ തിരിച്ചടിയും
ഇതിനിടെ സിറിയയിലുണ്ടായ ഭരണമാറ്റവും ഇറാനിയൻ സ്വാധീനത്തിന് വലിയ തിരിച്ചടിയായി. ഇന്ന് സിറിയ ഭരിക്കുന്ന അഹ്മദ് അൽ ഷരാ സുന്നി വിഭാഗക്കാരനാണ്. അൽഖ്വയ്ദ അനുകൂലിയായിരുന്ന ഷരാ സിറിയയിൽ അധികാരത്തിലെത്തിയത് അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ മാത്രവുമല്ല. ശക്തരുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. അൽഖ്വയ്ദയുടെ നിഴൽ വീണിരുന്ന ഷരായെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കൂട്ടിമുട്ടിച്ചത് സൗദി അറേബ്യയാണ്. അമേരിക്ക മാത്രമല്ല, ഫ്രാൻസുൾപ്പടെയുള്ള രാജ്യങ്ങളും ഷരായെ അംഗീകരിച്ചു. അതോടെ ഇറാൻ സിറിയയിൽ നിന്ന് പുറത്താവുകയും ചരിത്രപരമായ ബന്ധം ഇല്ലാതാവുകയും ചെയ്തു. ഇപ്പോൾ സിറിയയിലെ അസദ് അനുകൂലികളുടെ കലാപത്തിന് സഹായം നൽകി ഷരാ സർക്കാരിനെ അസ്ഥിരമാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്ന് സിറിയ ആരോപിക്കുന്നു.
ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങളും സൗദിയുടെ പ്രവേശനവും
സൗദിയും ഇറാനും തമ്മിൽ 2023-ൽ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ യുദ്ധം അതിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കിനുമേലുള്ള സമ്പൂർണ്ണ നിയന്ത്രണമാണ് ഇപ്പോൾ ഇറാന്റെ ലക്ഷ്യം. സൗദിയുൾപ്പടെയുള്ള രാജ്യങ്ങളുടെ കൂട്ടായ നിയന്ത്രണം എന്നൊരു നിർദ്ദേശം ഒമാൻ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇറാൻ അത് തള്ളിക്കളഞ്ഞു. പകരം വരവും മടക്കവും പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന നിർദ്ദേശമാണ് ഇറാൻ മുന്നോട്ടുവെച്ചത്. ചുങ്കം നൽകാതെ കപ്പലുകൾക്ക് ഹോർമൂസ് കടക്കാനാകുമെന്ന് ഇനി വിചാരിക്കയേ വേണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കയാകട്ടെ ഇറാന്റെ പ്രതികരണത്തിനൊന്നും കാത്തുനിൽക്കാതെ ഇറാഖിന് ശേഷം ഇറാനിലും ബോംബിട്ടു. എന്നാൽ സൗദി അറേബ്യ ഈ നീക്കങ്ങളിൽ നിന്ന് ആദ്യം വിട്ടുനിന്നെങ്കിലും, ഇറാനെ കൂടാതെ ഇറാഖിലെ ഷിയാ സംഘടനകളും ഹൂതികളും ചേർന്ന് മൂന്ന് ദിശകളിൽ നിന്നും ആക്രമണം തുടങ്ങിയതോടെയാണ് സൗദി ഇറാഖ് ആക്രമണത്തിൽ പങ്കാളിയായത്. എങ്കിലും ആക്രമണം തുടരണോ എന്നതിൽ സൗദിയിൽ ആശയക്കുഴപ്പമുണ്ട്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ വിഷൻ 2030 സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് സൗദി. ഇതിൻ്റെ ജീവനാഡി എണ്ണയിലുള്ള ആശ്രയം കുറയ്ക്കുക എന്നതാണ്. എന്നാൽ ഇറാൻ്റെ ഡ്രോണുകൾ എപ്പോൾ വേണമെങ്കിലും പതിക്കാമെന്ന സ്ഥിതി വന്നാൽ ലക്ഷ്യത്തിൻ്റെ പകുതി വഴിമുട്ടും. 2019-ൽ ഇറാഖിൽ നിന്നുള്ള ഷിയാ സംഘടനകൾ രണ്ട് പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചതിൻ്റെ കയ്പറിഞ്ഞ ചരിത്രവും സൗദിക്കുണ്ട്.
ഹൂതികളുടെ വെല്ലുവിളിയും സൗദിയുടെ ആശയക്കുഴപ്പവും
ഇറാൻ ഹോർമൂസ് അടച്ചപ്പോൾ പകരം വഴി കണ്ടെത്തിയ സൗദി, മുമ്പേ സ്ഥാപിച്ച പൈപ്പ്ലൈൻ വഴി ചെങ്കടലിലേക്കും അറേബ്യൻ ഉൾക്കടൽ വഴി ഏഷ്യൻ രാജ്യങ്ങളിലേക്കും എണ്ണ കയറ്റി അയക്കാൻ ശ്രമിച്ചു. എന്നാൽ യെമനിലെ ഹൂതികൾ ആ വഴിയും അടയ്ക്കുകയാണിപ്പോൾ. സൗദി പിന്തുണയുള്ള സർക്കാരിനെ എതിർക്കുന്ന ഹൂതികൾ, ഷിയാ ഇറാന്റെ സഖ്യകക്ഷിയെന്ന നിലയിലും സൗദിയോട് കടുത്ത വൈരാഗ്യം പുലർത്തുന്നുണ്ട്. 2015-ൽ ഹൂതികളെ പരാജയപ്പെടുത്താൻ സൗദി തുടങ്ങിയ ഏഴുവർഷത്തെ യുദ്ധം യെമനിൽ വലിയ മാനുഷിക ദുരന്തത്തിനാണ് വഴിവച്ചത്. ഒടുവിൽ 2022-ൽ ഹൂതികളുമായി സൗദി ധാരണയിലെത്തിയിരുന്നു. എന്നാൽ അതേ സ്ഥിതിയിലേക്ക് വീണ്ടും എത്തിപ്പെടാൻ സൗദിക്ക് താല്പര്യമില്ല. ഇപ്പോഴത്തെ യുദ്ധത്തിൽ പങ്കാളിയായാൽ വിഷൻ 2030 ഉദ്ദേശിച്ച ലക്ഷ്യം കാണില്ലെന്ന ആശങ്കയാണ് സൗദിയെ അലട്ടുന്നത്.
