സെക്രട്ടേറിയറ്റിന് മുന്നിലെ PSC റാങ്ക് ഹോൾഡർമാരുടെ സമരത്തിന് വേണ്ടി രംഗത്തിറങ്ങാൻ രഞ്ജിനിയും?; പ്രതികരണവുമായി താരം രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം ഉദ്യോഗാർഥികൾക്കൊപ്പം നിൽക്കാൻ താൻ പൂർണ്ണ സന്നദ്ധയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ രഞ്ജിനി വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചതിന് പിന്നാലെ, കേരളത്തിലെ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തെ എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യങ്ങളുമായി നിരവധിയാളുകൾ സമീപിച്ചിരുന്നു. ഇതിന് മറുപടിയായാണ് താരം ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്.
“ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത്. ഈ വിഷയം കൃത്യമായി പഠിച്ച ശേഷം, എന്റെ ശബ്ദം നല്ലൊരു മാറ്റത്തിന് കാരണമാകുമെന്ന് തോന്നുകയാണെങ്കിൽ നിങ്ങളോടൊപ്പം നിൽക്കാൻ ഞാൻ തികച്ചും സന്നദ്ധയാണ്,” രഞ്ജിനി കുറിച്ചു.
നിങ്ങളിൽ ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നുവെന്നും, ഇപ്പോഴും പൂർണ്ണ രൂപം മനസ്സിലാക്കാനുള്ള വിവരങ്ങൾ ഓൺലൈനിൽ ലഭ്യമല്ലെന്നും രഞ്ജിനി പറയുന്നു. സമരം നയിക്കുന്ന ഉദ്യോഗാർഥികളോ പ്രതിനിധികളോ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെടാൻ സൗകര്യമൊരുക്കണമെന്നും, വിഷയത്തിൽ തെളിഞ്ഞ ബോധ്യം വന്നാൽ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും അവർ വ്യക്തമാക്കി.
