നാലുവയസ്സുകാരിയുടെ സ്വന്തം കേക്കും 200 ഉമ്മകളും; മകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് നടിയഭിരാമി


കൊച്ചി: മകൾ നൽകിയ മനോഹരമായ സമ്മാനങ്ങളുടെ സന്തോഷത്തിൽ പിറന്നാൾ ആഘോഷിച്ച് പ്രിയനടി അഭിരാമി. നാലുവയസ്സുകാരി മകൾ കൽക്കി തനിയെ ഉണ്ടാക്കിയ കേക്കും പൂച്ചെണ്ടും നൽകി അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുന്നതിന്റെ മനോഹരമായ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
“നാലുവയസ്സുകാരിയായ മകളിൽനിന്ന് സ്വന്തമായി ഉണ്ടാക്കിയ പൂച്ചെണ്ടും കേക്കും 200 ഉമ്മകളും ‘ഹാപ്പി ബർത്ത്ഡേ മമ്മാ’ എന്ന ആശംസയും ലഭിക്കുമ്പോൾ, അതിനേക്കാൾ മികച്ചൊരു ജന്മദിനം വേറെയുണ്ടെന്ന് തോന്നുന്നില്ല. വിളിച്ചും സന്ദേശങ്ങൾ അയച്ചും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. അടുത്ത വർഷത്തേക്കും പുതിയ സന്തോഷങ്ങളിലേക്കും പോവുകയാണ്…” – നടിയഭിരാമി കുറിച്ചു.
മകൾക്കൊപ്പം കേക്ക് ഉണ്ടാക്കുന്നതിന്റെയും ജന്മദിനം ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിരാമി, പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ് താരം.
2009-ലായിരുന്നു രാഹുൽ പവനുമായുള്ള അഭിരാമിയുടെ വിവാഹം. 2023-ലാണ് ഇരുവരും കൽക്കിയെ ദത്തെടുക്കുന്നത്.
