2,895 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ: അർജന്റീന ഫുട്ബാൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

ബ്യൂണസ് ഐറസ്: അർജന്റീന ഫുട്ബാൾ അസോസിയേഷനെ (എ.എഫ്.എ) ചുറ്റിപ്പറ്റി 300 മില്യൺ ഡോളറിന്റെ (ഏകദേശം 2,895 കോടി രൂപ) കള്ളപ്പണം വെളുപ്പിക്കൽ ആരോപണം. സംഭവത്തിൽ യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അന്വേഷണം ഊർജിതമാക്കി.
എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ, ട്രഷറർ പാബ്ലോ ടോവിഗിനോ എന്നിവരെ യു.എസിലെ വിമാനത്താവളത്തിൽ എയർപോർട്ട് ബസിൽ വെച്ച് എഫ്.ബി.ഐ ഏജന്റുമാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കളിക്കാർ വിമാനത്തിൽ കയറാൻ ഒരുങ്ങവെയാണ് അരമണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ നടന്നത്. ടാപിയയുടെ ഫോൺ എഫ്.ബി.ഐ പിടിച്ചെടുത്തതായും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമമായ ‘ഇൻഫോബെ’ റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
എ.എഫ്.എയുമായി ബന്ധപ്പെട്ട വാണിജ്യ കരാറുകളും സ്പോൺസർഷിപ്പ് തുകകളുമാണ് പ്രധാനമായും അന്വേഷണ നിഴലിലുള്ളത്. പ്രമുഖ യു.എസ് ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് ഡോളർ എത്തുകയും, ദിവസങ്ങൾക്കകം തന്നെ ഇവ മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ വകമാറ്റുകയും ചെയ്തതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ അർജന്റീനയിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ റെയ്ഡുകൾക്ക് പിന്നാലെയാണ് യു.എസ് ഏജൻസികളും നടപടി കടുപ്പിച്ചത്.
വാർത്തകൾ അടിസ്ഥാനരഹിതം: എ.എഫ്.എ
അതേസമയം, പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. പ്രസിഡന്റ് ക്ലോഡിയോ ടാപിയക്കോ ട്രഷറർ പാബ്ലോ ടോവിഗിനോക്കോ അമേരിക്കൻ കോടതിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും ഇവരുടെ ഫോണോ മറ്റ് ഉപകരണങ്ങളോ അന്വേഷണസംഘം പിടിച്ചെടുത്തിട്ടില്ലെന്നും എ.എഫ്.എ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, സംഘടനയിലെ മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസിൽ മൊഴിനൽകാൻ ഒരു മൂന്നാം കക്ഷിക്ക് യു.എസ് ഗ്രാൻഡ് ജൂറി സമൻസ് അയച്ചിട്ടുണ്ടെന്ന് എ.എഫ്.എ സമ്മതിക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണം ആഗോള ഫുട്ബാൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
