ഇനി ഇതിഹാസങ്ങൾക്കൊപ്പം ഈ 19കാരൻ; ഗോളാഘോഷത്തിലെ ആ ‘304’ വെറും സംഖ്യയല്ല, കുടിയേറ്റത്തിന്റെ നോവിൽനിന്ന് ലോകത്തിന്റെ നെറുകയിൽ

ന്യൂജഴ്സി സ്റ്റേഡിയത്തിൽ റഫറിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത് ഒരേസമയം രണ്ട് ചരിത്രനിയോഗങ്ങൾക്കായിരുന്നു. നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം വാനിലുയർത്തി. ആ സുവർണ നിമിഷത്തിനൊപ്പം, കാൽപ്പന്ത് കളിയുടെ 100 വർഷത്തെ ചരിത്രത്തിലേക്ക് ഒരു പത്തൊൻപതുകാരൻ പയ്യൻ തന്റെ പേര് സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർക്കുകയായിരുന്നു. ലമീൻ യമാൽ നാസ്രോയി എബാന–ലോകകപ്പ് ചരിത്രത്തിൽ കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് കളിക്കാരുടെ പട്ടികയിലേക്ക് അവൻ നടന്നു കയറി.
∙ പ്രായം കുറഞ്ഞ ലോകകപ്പ് ജേതാക്കൾ…
ലോകകപ്പ് പോലൊരു മഹാമേളയിൽ കളത്തിലിറങ്ങുക എന്നതു തന്നെ ഏതൊരു താരത്തിന്റെയും സ്വപ്നമായിരിക്കെ, കൗമാരപ്രായത്തിൽ തന്നെ ലോകകിരീടം കൈപ്പിടിയിലൊതുക്കുക എന്നതു വിരളമായി മാത്രം സംഭവിക്കുന്ന അദ്ഭുതമാണ്. അർജന്റീനയ്ക്കെതിരെ സ്പെയിൻ വിജയം കുറിക്കുമ്പോൾ ലമീൻ യമാലിന്റെ പ്രായം കൃത്യം 19 വയസ്സും 6 ദിവസവുമാണ്. കൗതുകകരമെന്നു പറയട്ടെ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ലോകകപ്പ് ജേതാവെന്ന പദവി ബ്രസീലിയൻ താരം കുട്ടീഞ്ഞോയുമായി ഒരേ ദിവസത്തെ പ്രായ വ്യത്യാസത്തിൽ ലമീൻ പങ്കിടുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കിരീടം നേടിയ അഞ്ച് പ്രതിഭകളുടെ പട്ടിക പരിശോധിച്ചാൽ ലാമിന്റെ നേട്ടത്തിന്റെ വ്യാപ്തി ബോധ്യമാകും.
1958ൽ സ്വീഡനെ 5-2 ന് തകർത്ത് ബ്രസീൽ ആദ്യമായി ലോകകപ്പ് നേടുമ്പോൾ 17 വയസ്സ് മാത്രമുണ്ടായിരുന്ന പെലെയായിരുന്നു ലോകത്തിന്റെ അദ്ഭുതം. അന്ന് ഫൈനലിൽ ഇരട്ട ഗോളുകളടക്കം ടൂർണമെന്റിലുടനീളം 6 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്. 1994ൽ ഇറ്റലിയെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ബ്രസീൽ കിരീടം ചൂടുമ്പോൾ ‘ഫിനോമിനൻ’ റൊണാൾഡോയ്ക്കും പ്രായം 17 തന്നെ. എന്നാൽ അന്ന് റൊണാൾഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ലമീൻ യമാലിന്റെ പ്രസക്തി വർധിക്കുന്നത്, അവൻ വെറുമൊരു ബെഞ്ച് കളിക്കാരനായല്ല, മറിച്ച് സ്പാനിഷ് നിരയുടെ ആക്രമണങ്ങളുടെ കുന്തമുനയായി മാറിയാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ്. ടൂർണമെന്റിൽ സ്പെയിനായി കളത്തിലിറങ്ങിയ മത്സരങ്ങളിൽ എതിരാളികളുടെ പ്രതിരോധക്കോട്ടകളെ തന്റെ വേഗം കൊണ്ടും ഡ്രിബ്ലിങ് മികവു കൊണ്ടും ലമീൻ വിറപ്പിച്ചു. സ്പെയിനിനായി നിർണായകമായ ഒരു ഗോൾ നേടാനും ഈ പത്തൊൻപതുകാരനായി. 1962ൽ ബ്രസീലിന്റെ കുട്ടീഞ്ഞോ കളിക്കളത്തിലിറങ്ങാതെ സ്വന്തമാക്കിയ ആ പ്രായത്തിന്റെ റെക്കോർഡിനൊപ്പമാണ് ഇന്ന് കളിക്കളത്തിൽ വിയർപ്പൊഴുക്കി ലമീൻ എത്തിനിൽക്കുന്നത്. 2007 ജൂലൈ 13ന് സ്പെയിനിലെ എസ്പ്ലുഗസ് ഡി ലൊബ്രെഗാത്തലാണ് ലമീൻ ജനിച്ചതെങ്കിലും അവന്റെ വേരുകൾ കിടക്കുന്നത് റോക്കഫോണ്ട എന്ന ചേരിപ്രദേശത്താണ്. മൊറോക്കോയിൽനിന്നു ടിക്കറ്റില്ലാത്ത ബസ്സിൽ ഒളിച്ചിരുന്ന് സ്പെയിനിലേക്ക് കുടിയേറിയ ഫാത്തിമ റൊമാനി എന്ന ഉമ്മൂമ്മയുടെയും, കടുത്ത സാമ്പത്തിക പ്രതിസന്ധികളോട് പോരാടിയ മാതാപിതാക്കളുടെയും വിയർപ്പിന്റെ ഫലമാണ് ലമീന്റെ ഈ വിജയം. ചെറുപ്പത്തിൽ വംശീയ അധിക്ഷേപങ്ങളും ‘കറുത്തവൻ’, ‘അറബി’ വിളികളും കേട്ട് വളർന്ന ലമീൻ, കളിക്കളത്തിൽ ഗോളടിച്ച ശേഷം തന്റെ വിരലുകൾ കൊണ്ട് കാണിക്കുന്ന ‘304’ എന്ന സംഖ്യ വെറുമൊരു ആഹ്ലാദപ്രകടനമല്ല. അത് തന്നെയും കുടുംബത്തെയും പോറ്റിയ റോക്കഫോണ്ടയുടെ പോസ്റ്റൽ കോഡാണ് (08304). തങ്ങളെ വിദ്വേഷത്തോടെ നോക്കിയ വലതുപക്ഷ രാഷ്ട്രീയക്കാർക്ക് അവൻ നൽകിയ മറുപടി കൂടിയായിരുന്നു അത്.‘ഫുട്ബോൾ മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്, ഞങ്ങളുടെ ടീം ഒരുമയുടെ ഉദാഹരണമാണ്’ എന്ന് ഉറപ്പിച്ചു പറഞ്ഞ ലമീൻ ഇന്ന് വിദ്വേഷത്തിന്റെ ആ പഴയ തെരുവുകളെ തന്റെ ജഴ്സിയണിയിച്ച് നൃത്തം ചെയ്യിപ്പിക്കുകയാണ്.
∙ മാറുന്ന സ്പെയിനും ബഹുസ്വരതയുടെ പുതിയ മുഖവും…
ഈ ലോകകപ്പ് വിജയം സ്പെയിൻ എന്ന രാജ്യത്തിന്റെ കായിക വിജയത്തിനപ്പുറം അവരുടെ സാമൂഹിക മാറ്റത്തിന്റെ അടയാളം കൂടിയാണ്. ലമീൻ യമാലും അവന്റെ ഉറ്റസുഹൃത്ത് നിക്കോ വില്യംസും ഇന്ന് സ്പെയിനിന്റെ ദേശീയ നായകന്മാരാണ്. ഒരിക്കൽ കുടിയേറ്റക്കാരെ സ്പെയിനിന്റെ ശാപമെന്ന് വിളിച്ചവർ ഇന്ന് അവരുടെ ഗോളുകൾക്ക് മുന്നിൽ തലകുനിക്കുന്നു.
മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ കിരീടധാരണം റോക്കഫോണ്ടയിലെ പാർക്കുകളിൽ ബിഗ് സ്ക്രീനിൽ കണ്ട ആഫ്രിക്കൻ കുടിയേറ്റക്കാരും വെളുത്ത വംശജരായ സ്പാനിഷുകാരും ഒരുപോലെ ‘ഞാൻ സ്പാനിഷുകാരനാണ്’ എന്ന് വിളിച്ചുപറഞ്ഞപ്പോൾ അവിടെ പുതിയൊരു ബഹുസ്വര സമൂഹം ജന്മമെടുക്കുകയായിരുന്നു. ലമീന്റെ കസിൻ ആയ ഹുദ എൽ അബ്ദെല്ലാവിയെപ്പോലെയുള്ള കുടിയേറ്റക്കാരുടെ രണ്ടാം തലമുറ ഇന്ന് ബാർസിലോനയിൽ ഫിനാൻസ് പഠിച്ച് പുതിയ സ്വപ്നങ്ങളിലേക്ക് നടക്കുമ്പോൾ, അവർക്കെല്ലാം ആത്മവിശ്വാസം നൽകുന്നത് 19-ാം വയസ്സിൽ ലോകത്തിന്റെ നെറുകയിലെത്തിയ ലമീന്റെ ഈ കാൽപന്തുകളിയാണ്.
∙ നാളെയുടെ സുവർണ സിംഹാസനം…
2026ലെ ഈ ലോകകപ്പ് വിജയത്തോടെ ലമീൻ യമാൽ എന്ന പ്രതിഭയുടെ കരിയർ വെറുമൊരു തുടക്കം മാത്രമായി മാറുകയാണ്. അടുത്ത ലോകകപ്പ് നടക്കുമ്പോൾ അവന് 22 വയസ്സ് തികയുകയും 23ലേക്ക് കടക്കുകയും ചെയ്യും. അതിലുപരിയായി, അടുത്ത ലോകകപ്പിൽ സ്വന്തം രാജ്യമായ സ്പെയിനിന്റെ മണ്ണിലാണ് നിലവിലെ ചാംപ്യന്മാരായ ലാ റോജ തങ്ങളുടെ കിരീടം നിലനിർത്താൻ ബൂട്ടു കെട്ടുക.
തന്റെ ഉമ്മൂമ്മയുടെ കൈപിടിച്ച് വിദ്വേഷത്തിന്റെ തെരുവുകളിലൂടെ നടന്ന ഒരു ബാലൻ, ഇന്ന് 19-ാം വയസ്സിൽ ലോക ഫുട്ബോളിന്റെ സുവർണ സിംഹാസനത്തിൽ പെലെയ്ക്കും റൊണാൾഡോയ്ക്കുമൊപ്പം ഇരിക്കുന്നു എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കാവ്യനീതിയാണ്.
ടിക്കറ്റില്ലാതെ ഒരു ബസ്സിൽ ഒളിച്ചിരുന്ന് സ്പെയിനിലേക്ക് വണ്ടി കയറിയ ഒരു ആഫ്രിക്കൻ ഉമ്മൂമ്മയുടെ പേരക്കുട്ടി ഇന്ന് സ്പെയിനിന്റെ ഭാവി നിർണയിക്കുന്ന രാജകുമാരനാണ്. കാൽപന്തുകളി വെറുമൊരു വിനോദമല്ലെന്നും, അതിന് അതിരുകളില്ലാത്ത സ്നേഹത്തിന്റെ ലോകം സൃഷ്ടിക്കാൻ കഴിയുമെന്നും ലാമിൻ യമാൽ തന്റെ ഓരോ ചുവടിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്പെയിൻ മാറുകയാണ്, ഒപ്പം ലോകവും!
