32കാരിയായ ‘അർജന്റീനക്കാരി’ ഇനി പോർച്ചുഗൽ ഇതിഹാസത്തിന്റെ ഭാര്യ, ആദ്യ കണ്ടുമുട്ടൽ സ്റ്റോറിലോ നൈറ്റ്ക്ലബ്ബിലോ? 10 വർഷത്തെ ‘മിസ്റ്ററി’ ലൈഫ്!

കാസ്കെയ്സ്: ആർപ്പുവിളികളില്ല, ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകളില്ല, ചുവന്ന പരവതാനിയുടെ ആഡംബരങ്ങളുമില്ല… ഒടുവിൽ, ഒരു പതിറ്റാണ്ട് നീണ്ട ആ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കାളി ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ മനോഹരമായ തീരദേശ നഗരമായ കാസ്കെയ്സിൽ വച്ച് തികച്ചും ലളിതമായി നടന്ന ചടങ്ങിൽ അഞ്ച് മക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം മോതിരങ്ങളുടെ ചിത്രം പങ്കുവെച്ച് ‘C ❤ G’ എന്ന് കുറിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ തന്നെയാണ് ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.
ഗുച്ചി സ്റ്റോറിലെ പ്രണയം
2016-ൽ മഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ വെച്ചാണ് ക്രിസ്റ്റ്യാനോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് 22 കാരിയായ ജോർജീന അവിടുത്തെ സെയിൽസ് അസിസ്റ്റന്റായിരുന്നു. തൻ്റെ ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങാനിരിക്കെ എത്തിയ ഒരു പ്രത്യേക വി.ഐ.പി ക്ലയന്റിനെ സ്വീകരിക്കാൻ നിൽക്കവേയാണ് റൊണാൾഡോ അവിടേക്ക് കടന്നുവരുന്നത്. ആദ്യ കാഴ്ചയിൽ തന്നെ തങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടതായി പിന്നീട് ഇരുവരും തുറന്നുപറഞ്ഞിരുന്നു.
ജോർജീനയെ കാണാനായി ക്രിസ്റ്റ്യാനോ തൻ്റെ ആഡംബര വാഹനമായ ബുഗാട്ടിയിൽ സ്റ്റോറിന് മുന്നിലെത്തിയിരുന്ന ആദ്യകാല ദിനങ്ങൾ ഇരുവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ്. എന്നാൽ, മഡ്രിഡിലെ പ്രശസ്തമായ ഒരു നൈറ്റ്ക്ലബ്ബിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ഗുച്ചി സ്റ്റോർ കഥ മാർക്കറ്റിങ് തന്ത്രമാണെന്നും സഹപ്രവർത്തകർ അവകാശപ്പെട്ടിരുന്നെങ്കിലും റൊണാൾഡോയും ജോർജീനയും ഇത് തള്ളിക്കളയുകയായിരുന്നു.
അർജന്റീനൻ ബന്ധവും ബിസിനസ്സ് സാമ്രാജ്യവും
സ്പാനിഷ് അമ്മയുടെയും അർജന്റീനിയൻ അച്ഛന്റെയും മകളായി ജനിച്ച ജോർജീന ഇന്ന് ലോകമറിയുന്ന പ്രശസ്ത മോഡലും വ്യവസായിയുമാണ്. ‘OM by G’ എന്ന ഫാഷൻ ബ്രാൻഡിന്റെ ഉടമയായ ജോർജീന, ക്രിസ്റ്റ്യാനോയുടെ ഹെയർ ട്രാൻസ്പ്ലാന്റ് കമ്പനിയായ ‘ഇൻസ്പര്യ’യുടെ സഹ ഉടമയായും പ്രവർത്തിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിന്റെ ‘ഐ ആം ജോർജീന’ എന്ന സൂപ്പർഹിറ്റ് ഡോക്യുമെന്ററി സീരീസിലൂടെയാണ് ഇവരുടെ കുടുംബജീവിതം ലോക ശ്രദ്ധനേടുന്നത്.
സന്തോഷവും സങ്കടവും നിറഞ്ഞ കുടുംബം
ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ എന്നിവരാണ് ഇവരുടെ മക്കൾ. 2022-ൽ ബെല്ലയുടെ ഇരട്ടസഹോദരനായ എയ്ഞ്ചൽ പ്രസവത്തിനിടെ മരണപ്പെട്ടത് ഇരുവരുടെയും ജീവിതത്തിലെ വലിയ ആഘാതമായിരുന്നു.
ദീർഘകാലത്തെ പ്രണയത്തിനും കാത്തിരിപ്പിനുമൊടുവിൽ, ആഡംബരങ്ങൾ ഒഴിവാക്കി തികച്ചും വ്യക്തിപരമായ അന്തരീക്ഷത്തിൽ ഒന്നാകാൻ തീരുമാനിച്ചതിലൂടെ വീണ്ടും ആരാധകരുടെ മനസ്സ് കവരുകയാണ് ഈ പ്രിയദമ്പതികൾ.
