3 മാസം, യുപിഐക്ക് പകരം പണം നേരിട്ടുപയോഗിച്ചു, ചെലവിൽ വൻമാറ്റം

ന്യൂഡൽഹി: ദൈനംദിന ജീവിതത്തിൽ യു.പി.ഐ പേയ്മെന്റുകൾ സാർവത്രികമായതോടെ അറിയാതെ പോകുന്ന അനാവശ്യ ചെലവുകൾക്ക് തടയിടാൻ പുതിയ വഴിയുമായി ഡൽഹി സ്വദേശി സദഫ്. മൂന്ന് മാസമായി ഡിജിറ്റൽ ഇടപാടുകൾ ഒഴിവാക്കി, ആവശ്യങ്ങൾക്ക് പണം നേരിട്ട് (Cash) ഉപയോഗിക്കാൻ തുടങ്ങിയതോടെ തന്റെ സാമ്പത്തിക ശീലങ്ങളിൽ വൻ മാറ്റമുണ്ടായെന്ന് ഇവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ തന്റെ ഏറ്റവും വലിയ സാമ്പത്തിക നേട്ടമായാണ് സദഫ് ഈ തീരുമാനത്തെ കാണുന്നത്.
യു.പി.ഐ വഴി ചെറിയ തുകകളുടെ അഞ്ചോ ആറോ ഇടപാടുകൾ നടത്തുമ്പോൾ അതിലെ മൊത്തം തുക ശ്രദ്ധിക്കപ്പെടാറില്ലെന്നും, അറിയാതെ തന്നെ പെട്ടെന്ന് 1,000 രൂപയൊക്കെ ചെലവാകാറുണ്ടെന്നും യുവതി പറയുന്നു. എന്നാൽ റോക്കം പണം നൽകുമ്പോൾ പണം കൈയിൽ നിന്ന് പോകുന്നത് നേരിട്ട് കാണാൻ കഴിയും. ഒരു 500 രൂപ നോട്ട് നൽകിയാൽ എത്ര ചെലവായി, കൈയിൽ ഇനി എത്ര ബാക്കിയുണ്ട് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും, ഓരോ തവണയും ആപ്പ് തുറന്ന് നോക്കാതെ തന്നെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടാൻ ഇത് സഹായിച്ചെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, ഡിജിറ്റൽ യുഗത്തിൽ യു.പി.ഐ പൂർണ്ണമായി ഉപേക്ഷിക്കുക എളുപ്പമല്ലെന്ന് സദഫ് സമ്മതിക്കുന്നുണ്ട്. ചില്ലറ ലഭിക്കാത്ത സാഹചര്യങ്ങളിലും വ്യാപാരികൾക്ക് ബാക്കി പണം നൽകാൻ കഴിയാത്തപ്പോഴും ഡിജിറ്റൽ പേയ്മെന്റ് തന്നെ ആശ്രയിക്കേണ്ടി വരാറുണ്ട്. അതിനാൽ ’80:20′ എന്ന രീതിയാണ് താൻ ഇപ്പോൾ പിന്തുടരുന്നത്. അതായത് ചെലവഴിക്കുന്ന തുകയുടെ 80 ശതമാനവും പണമായി കൈയിൽ സൂക്ഷിക്കുകയും, ക്യാഷ് ഉപയോഗിക്കാൻ സാധിക്കാത്ത 20 ശതമാനം സാഹചര്യങ്ങളിൽ മാത്രം യു.പി.ഐ ഉപയോഗിക്കുകയും ചെയ്യുന്നു. വീഡിയോ വൈറലായതോടെ മാളുകളിലും മറ്റും ചില്ലറ തിരികെ ലഭിക്കാത്ത പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.
