20 മിനിറ്റ് പ്രകൃതിയില്‍ ചെലവഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ മാറ്റി മറിയ്ക്കും

പച്ചപ്പു ഒരു പാർക്കിലൂടെയോ കാട്ടിലൂടെയോ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ശാന്തത വെറുമൊരു തോന്നലല്ലെന്ന് ഗവേഷകര്‍. ദിവസവും 20 മിനിറ്റ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് മനുഷ്യശരീരത്തില്‍ വലിയ ജൈവശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
മണിക്കൂറുകളോളം നീളുന്ന ട്രെക്കിംഗോ മലകയറ്റമോ ഇതിനായി ആവശ്യമില്ല. വെറും 20 മിനിറ്റിലെ പ്രകൃതി സാന്നിധ്യം കൊണ്ട് തന്നെ സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
പ്രകൃതി ജീവിതത്തിന്റെ പ്രധാന ആരോഗ്യ വശങ്ങള്:
1. നാഡീവ്യൂഹത്തിന് പെട്ടെന്നുള്ള ശാന്തത മരങ്ങളുടെ പച്ചപ്പും പൈൻ മരങ്ങളുടെ സുഗന്ധവും ഇലകളുടെ മർമ്മരവും പക്ഷികളുടെ കളകൂജനവുമെല്ലാം മനുഷ്യന്റെ നാഡീവ്യൂഹത്തെ (Autonomic nervous system) തൽക്ഷണം ശാന്തമാക്കുന്നു. യുകെയിൽ 20,000 ആളുകളിൽ നടത്തിയ പഠനമനുസരിച്ച്, ആഴ്ചയിൽ കുറഞ്ഞത് 120 മിനിറ്റ് പ്രകൃതിയിൽ ചെലവഴിക്കുന്നവരിൽ മെച്ചപ്പെട്ട ശാരീരിക-മാനസിക ആരോഗ്യം കണ്ടെത്തിയിട്ടുണ്ട്.
2. ഹോർമോൺ സന്തുലനം, രോഗപ്രതിരോധ ശേഷി മാനസികസമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ (Cortisol), അഡ്രിനാലിൻ (Adrenaline) എന്നീ ഹോർമോണുകളുടെ അളവ് പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതിലൂടെ ഗണ്യമായി കുറയുന്നു. ജാപ്പനീസ് സൈപ്രസ് (Hinoki) എണ്ണയുടെ സുഗന്ധം ശ്വസിച്ചവരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ‘നാച്ചുറൽ കില്ലർ കോശങ്ങൾ’ (Natural Killer cells) വൻതോതിൽ കൂടിയതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രയോജനം രണ്ടാഴ്ചയോളം ശരീരത്തിൽ നിലനിൽക്കും.
3. സുഗന്ധവും മനസ്സിന്റെ നിയന്ത്രണവും പ്രകൃതിയിലെ ഓരോ സുഗന്ധവും രക്തപ്രവാഹത്തിലേക്ക് കലരുകയും മനസ്സിനെ വേഗത്തിൽ ശാന്തമാക്കുകയും ചെയ്യുന്നു. പൈൻ കാടുകളുടെ സുഗന്ധം ശ്വസിച്ച് 90 സെക്കൻഡിനുള്ളിൽ മനസ്സ് ശാന്തമാകുമെന്നും ഇതിന്റെ ഫലം 10 മിനിറ്റ് വരെ നിലനിൽക്കുമെന്നും ശാസ്ത്രം പറയുന്നു. കുഞ്ഞുങ്ങളിൽ പോലും പ്രകൃതിദത്തമായ ലിമോണീൻ (Limonene) സുഗന്ധം ശാന്തത നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
4. പ്രകൃതിദത്ത പ്രോബയോട്ടിക്സും ഫൈറ്റോൺസൈഡുകളും മണ്ണിലും ചെടികളിലുമുള്ള നല്ല ബാക്ടീരിയകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിപണിയിൽ നിന്ന് വാങ്ങുന്ന പ്രോബയോട്ടിക്സുകളേക്കാൾ ഫലപ്രദമാണിത്. കൂടാതെ, സസ്യങ്ങൾ പുറത്തുവിടുന്ന ‘ഫൈറ്റോൺസൈഡുകൾ’ (Phytoncides) ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
5. പ്രകൃതിയെ വീടുകളിലേക്കും എത്തിക്കാം എപ്പോഴും കാടുകളോ പാർക്കുകളോ സന്ദർശിക്കാൻ സാധിക്കാത്തവർക്ക് വീടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്താം. വെള്ളയോ മഞ്ഞയോ റോസാപ്പൂക്കൾ കാണുന്നത് തലച്ചോറിന് ശാന്തത നൽകും. വീടുകളിൽ ‘പൈനീൻ’ (Pinene) അടങ്ങിയ എസെൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുന്നതും ലാപ്ടോപ്പിലോ ഭിത്തിയിലോ കാടിന്റെയോ പച്ചപ്പിന്റെയോ ചിത്രങ്ങൾ പതിപ്പിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും
