വിമാനം ആകാശച്ചുഴിയിൽ: പൈലറ്റിൻ്റെ രാസപരിശോധനാഫലത്തിൽ സംശയം; എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി കേന്ദ്രം

ദില്ലി: തായ്ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യ സി.ഇ.ഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ഓഗസ്റ്റ് നാലിന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയർന്ന AI 2379 എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആകാശത്തുവെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കും ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.
അപകടത്തിന് പിന്നാലെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധനയിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ, സാമ്പിളുകൾ കൂടുതൽ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.
സംഭവത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (AAIB) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ ഫലങ്ങൾ ഔദ്യോഗികമായി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് എയർ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
