രവി തേജയുടെ ‘ഇരുമുടി’ ട്രെയിലർ ഇന്ന് എത്തും

ഹൈദരാബാദ്: മാസ് മഹാരാജാ രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇരുമുടി’യുടെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. വൈകുന്നേരം 6.30-നാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണിത്. പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.
ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സൂചനകൾ. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ രവി തേജ പ്രത്യക്ഷപ്പെട്ടത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തിനിൽക്കുന്ന രവി തേജയുടെ ചിത്രം, വൈകാരികമായ ഒരച്ഛൻ-മകൾ ബന്ധത്തിന്റെ കഥയാണ് സിനിമ സംസാരിക്കുന്നത് എന്നതിന്റെ സൂചന നൽകുന്നു.
“ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നു. അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നു,” എന്ന് രവി തേജ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ ആവേശമുണ്ടെന്നും, വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ കണ്ടതിൽ നിന്നെല്ലാം വേറിട്ട കഥാപാത്രത്തെയും ഭാവങ്ങളെയുമാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രിയാ ഭവാനി ശങ്കർ നായികയാകുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് സംവിധായകൻ ശിവ നിർവാണ തന്നെയാണ്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. സാഹി സുരേഷാണ് പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിങ്: പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്.
