മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു ; കാണാതായിട്ട് 13 ദിവസങ്ങള്‍

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ 13-ാം ദിവസവും തുടരുന്നു. നാവികസേനയുടെ ഐ.എൻ.എസ് കൽപേനിയുടെ നേതൃത്വത്തിലാണ് നിലവിൽ മുതലപ്പൊഴിയിൽ പ്രധാന പരിശോധന നടക്കുന്നത്. അത്യാധുനിക സോണാർ സംവിധാനമുപയോഗിച്ച് ശബ്ദതരംഗങ്ങൾ വഴിയാണ് കടലിന്റെ അടിത്തട്ടിൽ തെരച്ചിൽ പുരോഗമിക്കുന്നത്.
അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ദിവസങ്ങൾ പിന്നിട്ടിട്ടും തെരച്ചിലിൽ വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തത് തീരദേശത്ത് വലിയ ആശങ്കയ്ക്കും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തുനിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ഊർജിത തെരച്ചിൽ നടത്തുന്നുണ്ട്. തെരച്ചിൽ ദൗത്യത്തിൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും സജീവമായി പങ്കാളികളാകുന്നുണ്ട്. തെരച്ചിൽ നിർത്തിവെക്കില്ലെന്നാണ് സർക്കാറിന്റെ ഔദ്യോഗിക നിലപാട്.
അതിനിടെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ കാണാതായവരുടെ കുടുംബ വീടുകൾ സന്ദർശിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാൽ, രക്ഷാപ്രവർത്തനം വൈകുന്നതിലും കാര്യക്ഷമമല്ലാത്തതിലും ശക്തമായ പ്രതിഷേധമാണ് തീരദേശത്തുനിന്ന് ഉയർന്നുവരുന്നത്.
