മണ്‍സൂണ്‍ കാലത്ത് അധികം വെള്ളം കുടിക്കേണ്ടതില്ല എന്ന് കരുതുന്നുണ്ടോ ? ; കുറഞ്ഞ അളവില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ ബാധിക്കും

മഴക്കാലത്ത് തണുപ്പ് കൂടിയതിനാലും വിയർപ്പ് കുറഞ്ഞതിനാലും പലർക്കും ദാഹം തോന്നാറില്ല. അതിനാൽ തന്നെ വെള്ളം കുടിക്കുന്ന അളവ് കുറയുകയും ചെയ്യും. എന്നാൽ ദാഹമില്ലെങ്കിലും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. വേനൽക്കാലത്തെയത്ര ശ്രദ്ധ നമ്മൾ മൺസൂണിൽ നൽകാറില്ലെങ്കിലും, ജലാംശം കുറയുന്നത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
മസ്തിഷ്കം, വൃക്കകൾ, ദഹനവ്യവസ്ഥ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം അത്യാവശ്യമാണ്.
വൃക്കകളെ ബാധിക്കും
വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുന്നതാണ്. രക്തത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളാൻ വെള്ളം അത്യാവശ്യമാണ്. വെള്ളം കുറയുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത കൂടുകയും മൂത്രനാളിയിലെ അണുബാധ (UTI), വൃക്കയിലെ കല്ല് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ദഹനപ്രശ്നങ്ങൾ വർധിക്കും
സുഗമമായ ദഹനത്തിനും മലവിസർജ്ജനത്തിനും ജലാംശം അത്യന്താപേക്ഷിതമാണ്. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മലബന്ധം, വയർ വീർക്കൽ, അസിഡിറ്റി എന്നിവ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഭക്ഷണത്തിലെ മാറ്റങ്ങളും ശാരീരിക അധ്വാനം കുറയുന്നതും ഇത് വധിക്കാൻ ഇടയാക്കുന്നു.
പൊതുആരോഗ്യത്തെ ബാധിക്കാം
ശരീരത്തിൽ ചെറിയ തോതിൽ ജലാംശം കുറഞ്ഞാൽ പോലും അത് തലവേദന, തലകറക്കം, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് വഴിതുറക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് നിർജ്ജലീകരണം വേഗത്തിൽ ബാധിക്കുക. കൂടാതെ, വെള്ളത്തിന് പകരം അമിതമായി ചായ, കാപ്പി, മധുരപാനീയങ്ങൾ എന്നിവ കഴിക്കുന്നത് ശരീരത്തിൽ കഫീനും കലോറിയും കൂടാനും നിർജ്ജലീകരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ദാഹം തോന്നാൻ കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക.
- ഒരു മുതിർന്ന വ്യക്തി ദിവസം ശരാശരി 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കണം.
- ഇളനീർ, വീട്ടിലുണ്ടാക്കുന്ന സൂപ്പുകൾ, സംഭാരം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ഓറഞ്ച്, സബർജലി, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതൽ അടങ്ങിയ പഴങ്ങൾ കഴിക്കുക.
