ബി ടെക്കുകാരനാണ്, ജോലി കണ്ടെത്താൻ സഹായിക്കാമോ? യാത്രക്കാരന് റാപ്പിഡോ ഡ്രൈവറുടെ മെസ്സേജ്

“ഹലോ, ഗുഡ് മോർണിംഗ് സർ. 2024 ഏപ്രിലാണ് ഞാൻ ബി.ടെക് പൂർത്തിയാക്കിയത്. നിലവിൽ ജോലിക്കായി ശ്രമിക്കുകയാണ്, ഒരു ഫ്രഷറാണ്. താങ്കളുടെ ശ്രദ്ധയിൽ എന്തെങ്കിലും ഒഴിവുകളുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കാമോ സർ?” – എന്നായിരുന്നു യാത്രക്കാരന് വന്ന വാട്സ്ആപ്പ് സന്ദേശം.
കൊച്ചി: റാപ്പിഡോ റൈഡ് പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ യാത്രക്കാരന് ഡ്രൈവറുടെ ഒരു വാട്സ്ആപ്പ് സന്ദേശം. സാധാരണയായി ലഭിക്കാറുള്ള ഫീഡ്ബാക്കോ റേറ്റിംഗ് നൽകണമെന്നോ ഉള്ള അപേക്ഷയായിരുന്നില്ല അത്; പകരം തനിക്കൊരു ജോലി നേടിത്തരുമോ എന്നായിരുന്നു എഞ്ചിനീയറിംഗ് ബിരുദധാരിയായ റാപ്പിഡോ ഡ്രൈവർ യാത്രികനോട് അഭ്യർത്ഥിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം.
യാത്രക്കാരൻ ഈ മെസ്സേജിന്റെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
രാജ്യത്തെ തൊഴിലില്ലായ്മയും തൊഴിൽ വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് പലരും ഈ പോസ്റ്റിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്. യുവാവിന്റെ കഠിനാധ്വാനത്തെയും ജീവിക്കാനുള്ള ശ്രമത്തെയും പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, യാത്രക്കാരുടെ ഫോൺ നമ്പറെടുത്ത് അതിലേക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കായി മെസ്സേജ് അയക്കുന്നത് സ്വകാര്യതയുടെ പരിധി ലംഘിക്കുന്നതാണെന്നും അത് പ്രൊഫഷണൽ രീതിയല്ലെന്നും ചൂണ്ടിക്കാണിക്കുന്ന ഒരു വിഭാഗം ആളുകളുമുണ്ട്.
എങ്കിലും, “ഈ കഠിനാധ്വാനത്തെയും ശ്രമത്തെയും ഞാൻ അഭിനന്ദിക്കുന്നു”, “കഴിയുമെങ്കിൽ ഇയാൾക്ക് ഏതെങ്കിലും കമ്പനിയിലേക്ക് ഒരു റഫറൻസ് നൽകി സഹായിക്കൂ”, “അയാളുടെ സാഹചര്യം മനസ്സിലാക്കൂ, ജോലി കണ്ടെത്താനുള്ള കടുത്ത ആഗ്രഹം കൊണ്ടാണ് അയാൾ ഇങ്ങനെ ചെയ്തത്” എന്നിങ്ങനെ അനുകൂലിച്ചും പ്രത്യാശ പ്രകടിപ്പിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിൽ അധികവും നിറയുന്നത്.
