പ്ലാൻ ചെയ്താൽ യുഎഇ പ്രവാസികൾക്ക് തുടർച്ചയായ 10 ദിവസത്തെ അവധി സ്വന്തമാക്കാം; ശമ്പളത്തോടൊപ്പം 50% അധിക തുകയ്ക്കും അവസരം

ദുബായ്: ഈ മാസം 28-ന് നബിദിനത്തോടനുബന്ധിച്ച് ലഭിക്കുന്ന മൂന്ന് ദിവസത്തെ വാരാന്ത്യ വിശ്രമത്തിന് പിന്നാലെ, അടുത്ത വർഷങ്ങളിലെ യാത്രകളും അവധിക്കാലങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകി 2027-ലെ സാധ്യതാ പൊതുഅവധി ദിനങ്ങൾ വ്യക്തമായി. ഔദ്യോഗിക സ്ഥിരീകരണങ്ങൾക്ക് വിധേയമാണെങ്കിലും, അവധി ദിവസങ്ങളെ കുറിച്ച് മുൻകൂട്ടി ധാരണ ലഭിക്കുന്നത് കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റുകളും ഹോട്ടൽ താമസവും ബുക്ക് ചെയ്യാനും കുടുംബത്തോടൊപ്പം അവധിക്കാലം ആസൂത്രണം ചെയ്യാനും സഹായിക്കും.
ആഴ്ച മധ്യത്തിൽ വരുന്ന പൊതുഅവധികൾ യു.എ.ഇ മന്ത്രിസഭയ്ക്ക് വാരാന്ത്യത്തോട് ചേർത്ത് ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ നിലവിൽ നിയമമുണ്ട്. എന്നാൽ, ഒരേ ദിവസം തന്നെ രണ്ട് പൊതുഅവധികൾ വരുകയോ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ അവധി വരികയോ ചെയ്താൽ ഇത് മറ്റ് ദിവസങ്ങളിലേക്ക് മാറ്റാനാകില്ല.
2027-ലെ പ്രധാന പൊതുഅവധി ദിനങ്ങൾ താഴെ പറയുന്നവയാണ്:
- പുതുവത്സരാവധി (ജനുവരി 1): 2027 ജനുവരി ഒന്ന് വെള്ളിയാഴ്ചയാണ് വരുന്നത്. ശനി, ഞായർ ദിനങ്ങൾ കൂടി ചേരുമ്പോൾ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. തുടർന്ന് വരുന്ന അഞ്ച് പ്രവൃത്തിദിനങ്ങൾ (തിങ്കൾ മുതൽ വെള്ളി വരെ) വാർഷികാവധി എടുത്താൽ പ്രവാസികൾക്ക് തുടർച്ചയായി 10 ദിവസത്തെ ദീർഘകാല അവധി ആഘോഷിക്കാം.
- അറഫാ ദിനവും ഈദുൽ അദ്ഹയും (മേയ്): നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 15 ശനി മുതൽ 18 ചൊവ്വ വരെ നാല് ദിവസത്തെ പൊതുഅവധിക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം ബുധൻ, വ്യാഴം, വെള്ളി (മേയ് 19, 20, 21) ദിവസങ്ങളിൽ കൂടി അവധിയെടുത്താൽ തുടർച്ചയായി 9 ദിവസത്തെ ഇടവേള സ്വന്തമാക്കാം. (ചന്ദ്രപ്പിറവി ദർശനത്തെ ആശ്രയിച്ചായിരിക്കും അന്തിമ തീയതി).
- ഹിജ്റ പുതുവർഷം (ജൂൺ): മുഹറം ഒന്ന് ജൂൺ ആറ് ഞായറാഴ്ച വരാനാണ് സാധ്യത.
- നബിദിനം (ഓഗസ്റ്റ്): റബീഉൽ അവ്വൽ 12 ഓഗസ്റ്റ് 14 ശനിയാഴ്ച വരാൻ സാധ്യതയുണ്ട്.
- ദേശീയദിനം (ഡിസംബർ): യു.എ.ഇയുടെ 56-ാം ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ 2 (വ്യാഴം), 3 (വെള്ളി) ദിവസങ്ങളിലാണ് അവധി പ്രതീക്ഷിക്കുന്നത്. ശനി, ഞായർ ദിനങ്ങൾ കൂടി ചേരുന്നതോടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഡിസംബർ ഒന്നിന്ക്കൂടി അവധിയെടുത്താൽ ഇത് അഞ്ച് ദിവസമാക്കി ഉയർത്താം.
അവധി ദിനത്തിലെ ജോലിക്ക് അധിക വേതനം
യു.എ.ഇ തൊഴിൽ നിയമപ്രകാരം പൊതുഅവധികൾ ശമ്പളത്തോടുകൂടിയുള്ളതാണ്. എന്നാൽ സ്ഥാപനങ്ങളുടെ അത്യാവശ്യ ഘട്ടങ്ങളിൽ ജീവനക്കാരോട് അവധി ദിനത്തിൽ ജോലി ചെയ്യാൻ തൊഴിലുടമയ്ക്ക് ആവശ്യപ്പെടാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവനക്കാരന് പകരം അവധിയോ അല്ലെങ്കിൽ സാധാരണ പ്രവൃത്തിദിനത്തിലെ വേതനത്തിനൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനം അധിക തുകയോ വേതനമായി നൽകണമെന്ന് നിയമം വ്യക്തമാക്കുന്നു.
ഇസ്ലാമിക് കലണ്ടറിലെ മാസപ്പിറവി അടിസ്ഥാനമാക്കിയുള്ള അവധികളിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് അന്തിമമായി കണക്കാക്കേണ്ടത്.
