‘ദാദ’യ്ക്കും ഭാര്യയ്ക്കും കത്തിലൂടെ വധഭീഷണി, കൊൽക്കത്ത പൊലീസില് പരാതി നൽകി സൗരവ് ഗാംഗുലി

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി വധഭീഷണിയടങ്ങിയ കത്തുകൾ തുടർച്ചയായി ലഭിച്ചതിനെ തുടർന്ന് ഗാംഗുലി കൊൽക്കത്ത പൊലീസിൽ പരാതി നൽകി. തങ്ങളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി) ഓഫീസിലാണ് ഭീഷണി സന്ദേശങ്ങൾ അടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചത്. ഇതോടെ ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിലെത്തി ഗാംഗുലി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗാംഗുലിയുടെ പരാതിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കത്തുകൾ അയച്ച കൊറിയർ സ്ഥാപനത്തെയും അതിൻ്റെ റൂട്ടിനെയും കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറുമാസമായി സമാനമായ ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഗാംഗുലി ഇത് കാര്യമാക്കിയിരുന്നില്ല. എന്നാൽ തിങ്കളാഴ്ചയും കത്തുകൾ എത്തിയതോടെയാണ് വിഷയം പൊലീസിന് മുന്നിലെത്തിയത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബെൽഘറിയയിൽ നിന്നാണ് ഭീഷണി കത്തുകൾ അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സന്ദേശമയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും സിം കാർഡിന്റെ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കൊറിയർ ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചയാളെയും ലക്ഷ്യത്തെയും കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
