ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ന്യൂഡൽഹി: ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ തങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കാൻ സമയം കണ്ടെത്തണം. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം സ്വന്തമാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം, അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച എക്സ് (X) കുറിപ്പിൽ രാജ്യത്തെ യുവതലമുറയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. യുവത്വം രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും അദ്ദേഹം കുറിച്ചു. സംവേദനക്ഷമത, സേവന മനോഭാവം, മികച്ച കഴിവ് എന്നിവയിലൂടെ ലോകമെമ്പാടും സ്വന്തമായ അടയാളപ്പെടുത്തലുകൾ നടത്താൻ രാജ്യത്തെ യുവത്വത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
