കേരള സ്റ്റോറി നായികയുടെ സ്പെഷ്യൽ ‘ഗ്ലാസ് സ്കിൻ ബർഗർ’! കഴിച്ചാൽ വണ്ണം വയ്ക്കില്ല,ചര്‍മ്മം തിളങ്ങും

കൊച്ചി: വണ്ണം വെക്കുമെന്നോ മുഖത്ത് കുരു വരുമെന്നോ ആശങ്കപ്പെടാതെ ഇനി ബർഗർ ആസ്വദിക്കാം! ചർമ്മത്തിന് തിളക്കം നൽകുന്ന കിടിലൻ ‘ഗ്ലാസ് സ്കിൻ ബർഗർ’ പരിചയപ്പെടുത്തുകയാണ് ‘ദി കേരള സ്റ്റോറി’യിലൂടെ പ്രശസ്തയായ ബോളിവുഡ് നടി ആദാ ശർമ്മ. പൂർണ്ണമായും പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഹെൽത്തി ബർഗർ റെസിപ്പി ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. സാധാരണ ബർഗറുകളിലെപ്പോലെ മൈദ ബണ്ണോ കൊഴുപ്പേറിയ പാറ്റിയോ ഇതിലില്ല; പകരം അടിയിലും മുകളിലുമായി ബണ്ണിന് പകരമായി വട്ടത്തിൽ അരിഞ്ഞ ആപ്പിളാണ് ഉപയോഗിച്ചിരിക്കുന്നത്. വിറ്റാമിൻ സിയും പൊട്ടാസ്യവും നിറഞ്ഞ ആപ്പിൾ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമ്പോൾ, ഇടയിലുള്ള ബീറ്റ്റൂട്ട് മുഖത്തേക്ക് രക്തയോട്ടം കൂട്ടി സ്വാഭാവിക പിങ്ക് നിറം നൽകുന്നു. ഇതിനൊപ്പം തക്കാളി, കുക്കുമ്പർ, വേവിച്ച കടല, ആരോഗ്യകരമായ കൊഴുപ്പേകുന്ന വെളുത്ത എള്ള് എന്നിവയും ചേർത്തിരിക്കുന്നു. “ഗ്ലാസ് സ്കിൻ ലഭിക്കാൻ ഈ ബർഗർ കഴിക്കൂ” എന്ന് തമാശരൂപേണ കുറിച്ച താരം, രണ്ട് മാസം കൊണ്ട് തന്റെ ചർമ്മത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്.
