കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിർമാതാക്കൾ.
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനൊപ്പം ഒരു ബാലതാരവും പോസ്റ്ററിലുണ്ട്.
റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റർ.
മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ: കലൈ കിങ്സൺ, സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽസ്: സാബി ഹംസ, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയൻസ്.
