ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ക്ഷാമം, പരിഹാരമായി സ്റ്റാർലിങ്ക്; വാദവുമായി ഇലോൺ മസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ വികസനം എത്താത്തെ വിദൂര ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർലിങ്കി’ന് സാധിക്കുമെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വേഗമേറിയ 5G-യും ഫിക്സഡ് ഇന്റർനെറ്റും നഗരങ്ങളുടെ മുഖച്ഛായ മാറ്റുമ്പോഴും രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും അടിസ്ഥാന 4G കണക്റ്റിവിറ്റി പോലും ലഭ്യമല്ലെന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ പ്രതികരണം. ‘DozDesigner’ എന്ന എക്സ് യൂസറുടെ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ട്, ഇന്ത്യയിൽ സേവനങ്ങളെത്താത്ത ഗ്രാമീണ മേഖലകളിൽ ഏറ്റവും അർഹരായവരിലേക്ക് കണക്റ്റിവിറ്റി എത്തിക്കാൻ സ്റ്റാർലിങ്കിന് കഴിയുമെന്ന് മസ്ക് വ്യക്തമാക്കി. രാജ്യത്തെ 109.3 കോടി ഇന്റർനെറ്റ് വരിക്കാരിൽ 44.087 കോടി മാത്രമാണ് ഗ്രാമങ്ങളിലുള്ളത് എന്നതും ഭാരത്നെറ്റ് പദ്ധതിയിലൂടെ 8.5 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ ഫൈബറുകൾ സ്ഥാപിച്ചിട്ടും ഗ്രാമങ്ങളിൽ പൂർണ്ണതോതിൽ സേവനമെത്തിക്കാൻ സാധിച്ചിട്ടില്ല എന്നതും ഗ്രാമീണ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മലയോര-വിദൂര മേഖലകളിൽ അതിവേഗ ബ്രോഡ്ബാൻഡ് സേവനമെത്തിക്കാൻ കമ്പനി സജ്ജമാണെങ്കിലും, അന്തിമ സുരക്ഷാ അനുമതികൾ ലഭ്യമാകാത്തതിനാൽ സ്റ്റാർലിങ്കിന്റെ വാണിജ്യപരമായ ലോഞ്ച് വൈകുകയാണ്; മുൻപ് ഇറാൻ സംഘർഷത്തിനിടെ അനുമതിയില്ലാതെ ടെർമിനലുകൾ ഉപയോഗിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഇന്ത്യൻ അധികൃതർ അനുമതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
