സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും; പരാന്ദൂർ വിമാനത്താവളം ഉപേക്ഷിച്ച് വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ ജനപ്രിയ വാഗ്ദാനങ്ങളും നിർണായക തീരുമാനങ്ങളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. നിർധന കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകളും സ്ത്രീകൾക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്രയും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം, ജനകീയ പ്രതിഷേധം കണക്കിലെടുത്ത് വിവാദമായ പരാന്ദൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും വിജയ് വ്യക്തമാക്കി.
സൗജന്യ ഗ്യാസ്, വിപുലമായ ബസ് യാത്ര
വർഷം 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടറിന് അർഹതയുണ്ടാവുക. വരുന്ന പൊങ്കൽ ആഘോഷം മുതൽ പദ്ധതിക്ക് തുടക്കമാകും.
നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമായിരുന്ന സൗജന്യ സ്ത്രീയാത്ര എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്കും വ്യാപിപ്പിച്ചു. വരുമാന പരിധിയോ യാത്രാ നിയന്ത്രണങ്ങളോ ഇല്ലാതെയാകും ഇത് നടപ്പാക്കുക.
സമരക്കാർക്കൊപ്പം; പരാന്ദൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു
ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ പരാന്ദൂരിൽ നിർമിക്കാനിരുന്ന വിമാനത്താവള പദ്ധതി പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന ആരോപണത്തെത്തുടർന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സമരക്കാരുടെ ആശങ്കകൾ ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ വിജയ് തീരുമാനിച്ചത്.
