സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ യോഗി ബാബുവും പ്രധാന വേഷത്തിൽ എത്തുന്നു

തിരുവനന്തപുരം: സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹരിവരാസന’ത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബുവും പ്രമുഖ വേഷത്തിലെത്തുന്നു. ചിത്രത്തിലെ യോഗി ബാബുവിന്റെ സാന്നിധ്യം നായകൻ സൈജു കുറുപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഡോക്ടർ കെ. അമ്പാടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമ്മിക്കുന്നത്. ‘മാളികപ്പുറം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
ആർ. ജയചന്ദ്രൻ പ്രോജക്റ്റ് ഡിസൈനറായ ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിങ് അജീഷ് ഇടമണും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി., മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ.ഒ: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
