അധ്യാപികമാരുടെ ലഹരിക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

വടകര: അധ്യാപികമാർ എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻമോന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച് എസ്.എസ്.കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി.
പേരാമ്പ്ര ബി.ആർ.സിയുമായും പരിസരത്തെ മറ്റു ബി.ആർ.സികളുമായും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനുമാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.
കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയിനറായ നീഷ്മ എന്നിവരാണ് നിലവിൽ റിമാൻഡിലുള്ളത്. പ്രതികൾ ലഹരിശൃംഖലയുടെ പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെങ്കിലും, ഇവരുമായി ബന്ധമുള്ള ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി മാറ്റി അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറുന്ന രീതിയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഒരു അക്കൗണ്ടിലൂടെ മാത്രം നൂറിലധികം ആളുകൾ പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ആയിരവും രണ്ടായിരവും രൂപ വീതം നൂറുകണക്കിന് ആളുകൾ അയച്ചതായി വ്യക്തമായിട്ടുണ്ട്. ഇത് ലഹരി വാങ്ങാനെത്തിയവരാണെന്നാണ് നിഗമനം.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ അതീവ ഗുരുതരമായാണ് വിദ്യാഭ്യാസ വകുപ്പ് വീക്ഷിക്കുന്നത്. പ്രതികളെ ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനായി പോലീസിന്റെ കസ്റ്റഡി അപേക്ഷ ഉടൻ നൽകും.
ഉറ്റസുഹൃത്തുക്കളായ പ്രതികൾ നീഷ്മയുടെ വീട്ടിൽ പതിവായി ഒത്തുകൂടാറുണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളത്. യഥാർത്ഥ പ്രതികൾ ലഹരി ഉപഭോക്താക്കളെ കാരിയർമാരാക്കി മറഞ്ഞിരിക്കുകയാണെന്നും, സംഭവത്തിന് പിന്നിലുള്ള വൻ ശൃംഖലയെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അന്വേഷണസംഘം അറിയിച്ചു.
