‘സീരിയൽ പടം എടുക്കാനറിയില്ല, നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്ത ആളാണ്’; ‘വരവ്’ നെഗറ്റീവിന് ഷാജി കൈലാസിന്റെ മറുപടി

കൊച്ചി: തന്റെ പുതിയ ചിത്രത്തിനെതിരെ ഉയർന്നുവരുന്ന കടുത്ത നെഗറ്റീവ് റിവ്യൂകളിൽ പ്രതികരണവുമായി പ്രമുഖ സംവിധായകൻ ഷാജി കൈലാസ്. തിയേറ്ററുകളിൽ റിലീസ് ചെയ്ത ഉടൻ തന്നെ സിനിമയെ വലിച്ച് കീറുന്ന തരത്തിലുള്ള വിമർശനങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ടെന്നും, സിനിമയുടെ സാമ്പത്തിക വിജയത്തെ ഇത് തകിടം മറിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സിനിമയിൽ പാളിച്ചകൾ ഉണ്ടാകാം എന്നാൽ അതിനെ ഇത്രയധികം നെഗറ്റീവായി ചിത്രീകരിക്കേണ്ടതുണ്ടോ എന്ന് ഷാജി കൈലാസ് ചോദിക്കുന്നു. “പഴയതുപോലെ ഫ്ലാറ്റായി കഥ പറയാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ടാണ് പുതിയ മേക്കിങ് ശൈലികൾ പരീക്ഷിക്കുന്നത്. ചിലർക്ക് അത് ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ, എന്റെ മേക്കിങ് ശൈലിയിൽ ആരും ഇടപെടേണ്ടതില്ല. ഭയങ്കര ക്രൂഡോ ഡാർക്കോ ആയ സിനിമകൾ ചെയ്യാൻ എനിക്കറിയില്ല. ഒരു കൊമേഴ്സ്യൽ എന്റർടൈനറാണ് ഞാൻ ഉദ്ദേശിച്ചത്,” അദ്ദേഹം വ്യക്തമാക്കി.
യൂട്യൂബ് റിവ്യൂവർ അശ്വന്ത് കോക്കിന്റെ വിമർശനങ്ങളെയും അദ്ദേഹം പരാമർശിച്ചു. അശ്വന്ത് കോക്കിനെ തനിക്ക് വ്യക്തിപരമായി വലിയ ഇഷ്ടമാണെന്നും, എന്നാൽ സിനിമയിലെ നായകനായ ജോജുവിന്റെ കണ്ണിന്റെ നിറത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങൾ കഥ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കാതെയാണെന്നും ഷാജി കൈലാസ് ചൂണ്ടിക്കാട്ടി.
“തിയേറ്ററിലിറങ്ങി ഒരാഴ്ചയ്ക്ക് ശേഷം റിവ്യൂ പറയൂ”
പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകർക്ക് വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ സിനിമ റിലീസ് ചെയ്ത ഉടൻ തന്നെ റിവ്യൂ പറയുന്നത് തിയേറ്ററുകളിലേക്ക് ആളുകൾ വരുന്നത് തടയും. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ആളുകൾ സിനിമ കണ്ട് വിലയിരുത്തിയോട്ടെ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ടെക്നീഷ്യന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാകരുത് വിമർശനങ്ങൾ.
പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം ടിവി സീരിയൽ നിലവാരത്തിലുള്ള പല സിനിമകളും ഇന്ന് സൂപ്പർഹിറ്റുകളാകുന്നുണ്ടെന്ന് ഷാജി കൈലാസ് കൂട്ടിച്ചേർത്തു. അത്തരം സിനിമകളിൽ നിന്ന് താരങ്ങളെ മാറ്റിനിർത്തിയാൽ അവ വൻ പരാജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നവരോട്, “തിരിച്ചുവരാൻ ഞാൻ എങ്ങോട്ടും പോയിട്ടില്ല. വിമർശകർ ജനിക്കുന്നതിന് മുൻപ് സിനിമയെടുത്ത ആളാണ് ഞാൻ. ഷാജി കൈലാസ് ബ്രാൻഡ് എന്നൊന്നുമില്ല,” എന്നായിരുന്നു സംവിധായകന്റെ മറുപടി. 90-കളിലെ സിനിമാ രീതികൾ താൻ പൂർണ്ണമായും നിർത്തിയെന്നും, വരും ദിവസങ്ങളിൽ അതിഗംഭീരമായ ഒരു തിരക്കഥയിലൂടെ ഇടിവെട്ട് ചിത്രങ്ങളുമായി താൻ വീണ്ടും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
