ചോദ്യങ്ങൾ ആ തലയ്ക്ക് മുകളിൽ വാളുപോലെ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്; ‘ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?’

കണ്ണൂർ: ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത് അദാനി ഗ്രൂപ്പ് പ്രതിനിധികളെയും എൻ.ഡി.എ നേതാക്കളെയും കണ്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒളിച്ചോടുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ വിവാദ യാത്രയുടെ ചിലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം തുറമുഖത്തിൽ എന്താണ് കാര്യം” എന്ന രീതിയിലുള്ള വിഡ്ഢിച്ചോദ്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത് മുഖ്യമന്ത്രി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. “എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്” എന്ന പതിവ് പല്ലവി ആവർത്തിച്ച് അദ്ദേഹം രംഗം കാലിയാക്കുകയാണെന്നും എന്നാൽ ഉയർന്നുവന്ന ചോദ്യങ്ങൾ ഇപ്പോഴും മുഖ്യമന്ത്രിക്ക് മുകളിൽ വാളുപോലെ തൂങ്ങിനിൽക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെ.കെ. രാഗേഷ് വ്യക്തമാക്കി.
ധനകാര്യം, തുറമുഖം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി തന്നെ കൈവശം വെച്ചിരിക്കുന്നതിന് പിന്നിലെ താല്പര്യമെന്താണെന്നും രാഗേഷ് ചോദ്യം ഉന്നയിച്ചു. അദാനിക്ക് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ തുറമുഖ വകുപ്പിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രി എന്തിനാണ് തിടുക്കം കൂട്ടിയത്? കരാർ ലംഘിച്ചുകൊണ്ട് ഓഹരി വില്പനയുമായി മുന്നോട്ടുപോകാൻ അദാനി ഗ്രൂപ്പിന് എവിടെ നിന്നാണ് ധൈര്യം ലഭിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി വി.ഡി. സതീശൻ ബോധപൂർവ്വം വളച്ചൊടിച്ചതായും കെ.കെ. രാഗേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂകാംബികാ യാത്രയ്ക്ക് മതപരമായ പരിവേഷം നൽകി കേരളത്തിൽ വിദ്വേഷ പ്രചാരണത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് കരുക്കൾ ഒരുക്കുന്നത് അസാധാരണമായ കാഴ്ചയാണെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
