വ്യാപാര തർക്കം രൂക്ഷം, കാനഡയ്ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, വാഹനങ്ങൾക്കും സ്റ്റീലിനും 50 ശതമാനം നികുതി ചുമത്തും

വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര തർക്കം രൂക്ഷമായതിനെ തുടർന്ന് ശക്തമായ നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെറുകിട-വലിയ കാറുകൾ, ട്രക്കുകൾ, വാഹനഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം അമിത നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്ന് മുതലായിരിക്കും പുതിയ താരിഫുകൾ നിലവിൽ വരിക.
വാഷിംഗ്ടണിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നിർണ്ണായക വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യലിലൂടെയുള്ള പ്രഖ്യാപനം. കാനഡ വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും അമേരിക്കൻ കർഷകർക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും മേൽ അമിത നികുതി ചുമത്തി സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണെന്നും ട്രംപ് ആരോപിച്ചു. 60 ശതകോടി ഡോളറിന്റെ വ്യാപാര കമ്മി ഇനിയും അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നിർമ്മാണം അമേരിക്കയിലേക്ക് മാറ്റുന്ന കമ്പനികൾക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം നൽകുമെന്നും കാനഡയെ ഇനി പ്രത്യേക പങ്കാളിയായി പരിഗണിക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയുടെ നീക്കത്തിനെതിരെ കാനഡ രംഗത്തെത്തി. തങ്ങൾ സാമ്പത്തികമായി ആക്രമിക്കപ്പെടുകയാണെന്നും വ്യാപാര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. കാനഡയുടെ വ്യവസായങ്ങളെ ബാധിക്കുന്ന കരാറിന് തയ്യാറല്ലെന്ന് വ്യക്തമാക്കി കാർണി ചർച്ചകളിൽ നിന്ന് പിന്മാറി. തിരിച്ചടിയായി സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡയും ഉയർന്ന തീരുവ ചുമത്തും.
