വിളിക്കാമെന്ന് പറഞ്ഞു, പക്ഷേ ഷൂട്ട് തുടങ്ങിയത് അറിഞ്ഞത് പത്രത്തിൽ വാർത്ത കണ്ടപ്പോൾ’: സിനിമാ ജീവിതത്തിലെ കയ്പേറിയ അനുഭവം പങ്കുവെച്ച് അൽത്താഫ് സലിം

കോഴിക്കോട്: അഭിനയത്തിലും സംവിധാനത്തിലും തന്റേതായ ഇടം കണ്ടെത്തിയ പ്രിയതാരം അൽത്താഫ് സലിം തന്റെ ആദ്യകാല സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നു. കരിയറിന്റെ തുടക്കത്തിൽ അവസരങ്ങൾക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നെന്നും, വാക്കുനൽകിയ പലരും പിന്നീട് കൈവിട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അൽത്താഫ് വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘പ്ലൂട്ടോ’യുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പ്ലസ് ടു പഠനകാലം മുതൽക്കേ സിനിമയോട് തീവ്രമായ ആഗ്രഹമുണ്ടായിരുന്നുവെന്ന് അൽത്താഫ് പറയുന്നു. ബി.ടെക് പഠനത്തിന് ശേഷമാണ് സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയത്. ‘മലർവാടി ആർട്സ് ക്ലബ്’ പോലുള്ള ചിത്രങ്ങൾ വരുന്നതിനും മുൻപുള്ള കാലമായിരുന്നു അത്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന അക്കാലത്ത് ആരുടെയെങ്കിലും കൈയിൽ നിന്ന് ലഭിക്കുന്ന ഫോൺ നമ്പറുകൾ വഴിയാണ് അവസരങ്ങൾ തേടിയിരുന്നത്.
“പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ഒരു സിനിമയുടെ അവസരത്തിനായി ഒരാളെ വീട്ടിൽ പോയി കണ്ടിരുന്നു. അസോസിയേറ്റ് ഡയറക്ടറുടെ നമ്പർ തന്ന ശേഷം ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ വിളിക്കാമെന്ന് അവർ ഉറപ്പുനൽകി. എന്നാൽ, ദിവസങ്ങൾക്ക് ശേഷം പത്രത്തിന്റെ സൺഡേ സപ്ലിമെന്റ് വായിച്ചപ്പോഴാണ് ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പോലും ഞാനറിയുന്നത്,” അൽത്താഫ് ഓർത്തെടുത്തു.
ഇത്തരത്തിൽ ലഭിച്ച തിരിച്ചടികളിൽ തളരാതെ വീണ്ടും പരിശ്രമിക്കുകയായിരുന്നു. അക്കാലത്ത് ഇത്രയധികം സിനിമകൾ നിർമ്മിക്കപ്പെട്ടിരുന്നില്ല. ഒരുപാട് പേരെ ബന്ധപ്പെട്ടെങ്കിലും അവസരങ്ങൾ നൽകാൻ ആരും തയ്യാറായില്ല. ഒടുവിൽ സംവിധായകൻ അൽഫോൻസ് പുത്രനാണ് “ഇനി സ്വയം സിനിമ ചെയ്തു തുടങ്ങാം” എന്ന് പറഞ്ഞ് ധൈര്യം നൽകിയത്. അങ്ങനെയാണ് സ്വന്തമായി ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ഓടും കുതിര ചാടും കുതിര’ എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്ത് കഴിവ് തെളിയിച്ച അൽത്താഫ്, നായകനായും കോമഡി താരമായും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അൽത്താഫ് സലിം ഏലിയൻ കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പ്ലൂട്ടോ’ ജൂലൈ 28-നാണ് തിയേറ്ററുകളിലെത്തുന്നത്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ഏലിയൻ-കോമഡി ചിത്രത്തിൽ നീരജ് മാധവ്, ആർഷ ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
