വിദേശത്തും തരംഗമായി വിജയിയുടെ ‘ജനനായകൻ’; വേൾഡ് വൈഡ് കളക്ഷൻ 268 കോടി കടന്നു

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ബോക്സ് ഓഫീസിലെത്തുന്ന വിജയ് ചിത്രം ‘ജനനായകൻ’ വൻ വിജയത്തിലേക്ക്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം ഇതുവരെ 268 കോടിയിലധികം രൂപ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിദേശ വിപണിയിൽ മാത്രം 85 കോടി രൂപയാണ് ചിത്രം വാരിയത്. തമിഴ്നാട്ടിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, വിജയിയുടെ തുടർച്ചയായ ഒൻപതാം നൂറു കോടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം 14 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
റിലീസ് ദിനം മുതൽ വാരാന്ത്യങ്ങളിലും പ്രവൃത്തി ദിനങ്ങളിലും ഒരുപോലെ ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. പ്രിയതാരത്തെ അവസാനമായി ബിഗ് സ്ക്രീനിൽ കാണാൻ പ്രായഭേദമന്യേ വൻ ജനപ്രവാഹമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ അധ്യായം കുറിക്കുകയാണ്. ഇന്ത്യയിൽ മാത്രം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ 5.8 മില്യൺ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സത്യൻ സൂര്യൻ (ഛായാഗ്രഹണം), അനിൽ അരശ് (ആക്ഷൻ), വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രാഫി), അറിവ് (ഗാനരചന) എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒയും മാർക്കറ്റിങ് കൺസൾട്ടന്റും.
