റോഡിലെ അപകടങ്ങൾ മുൻകൂട്ടിയറിയാം: അഡാസിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന V2V സാങ്കേതികവിദ്യ വരുന്നു

ന്യൂഡൽഹി: റോഡപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ മുഴുവൻ വാഹനങ്ങളിലും ‘വെഹിക്കിൾ ടു വെഹിക്കിൾ’ (V2V) വയർലെസ് ആശയവിനിമയ സംവിധാനം നിർബന്ധമാക്കുന്നു. 2028 ഒക്ടോബർ മുതൽ വിപണിയിലിറങ്ങുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം വാഹനങ്ങൾക്കും നിർദേശം ബാധകമാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര മോട്ടോർ വാഹന മന്ത്രാലയം പുറപ്പെടുവിച്ചു.
ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തേക്കാൾ (ADAS) ഒരുപടി മുന്നിൽനിൽക്കുന്ന സാങ്കേതികവിദ്യയാണിത്. ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഇതിന് സാധിക്കും.
എന്താണ് വി2വി സാങ്കേതികവിദ്യ?
റോഡിലുള്ള വാഹനങ്ങൾക്ക് പരസ്പരം തത്സമയം വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന വയർലെസ് ശൃംഖലയാണിത്. 5.875GHz മുതൽ 5.925GHz വരെയുള്ള റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. സമീപത്തുള്ള മറ്റ് വാഹനങ്ങളുടെ വേഗത, കൃത്യമായ സ്ഥാനം, സഞ്ചരിക്കുന്ന ദിശ, പെട്ടെന്നുള്ള ബ്രേക്കിങ് എന്നിവ വളരെ വേഗത്തിൽ പങ്കുവെക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും.
ക്യാമറകൾക്കും റഡാറുകൾക്കും കണ്ടുപിടിക്കാനാവാത്ത വളവുകൾ, കാഴ്ച മറയ്ക്കുന്ന വലിയ വാഹനങ്ങൾക്ക് പിന്നിലെ അപകടങ്ങൾ എന്നിവ വി2വി വഴി നേരത്തെ തിരിച്ചറിയാം. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ലൈൻ മാറുമ്പോഴോ എതിരെ റോങ് സൈഡിൽ വാഹനം വരുമ്പോഴോ ഡ്രൈവർക്ക് ഡിസ്പ്ലേ വഴിയോ അലാം വഴിയോ അടിയന്തര മുന്നറിയിപ്പ് ലഭിക്കും. ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സർവീസുകൾ വരുമ്പോഴും കൃത്യമായ സൂചന ലഭിക്കും.
അഡാസും വി2വിയും: വ്യത്യാസം എന്ത്?
നിലവിൽ വാഹനങ്ങളിലുള്ള അഡാസ് (ADAS) സംവിധാനം ക്യാമറകളും റഡാറുകളും ഉപയോഗിച്ച് പരിമിതമായ ദൂരത്തെ അപകടങ്ങൾ സ്വയം കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ വി2വിയിൽ വാഹനങ്ങൾ തമ്മിൽ നേരിട്ട് വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്.
- പരിധി: അഡാസിന് 100 മുതൽ 250 മീറ്റർ വരെ ദൂരപരിധിയുള്ളപ്പോൾ, വി2വി വഴി ഒരു കിലോമീറ്റർ വരെയുള്ള വിവരങ്ങൾ ലഭ്യമാകും.
- തടസ്സങ്ങൾ മറികടക്കും: മൂടൽമഞ്ഞ്, വലിയ കെട്ടിടങ്ങൾ, തിരിവുകൾ എന്നിവ മൂലം അഡാസ് ക്യാമറകൾക്ക് കാഴ്ച മങ്ങുമ്പോൾ, വി2വി റേഡിയോ തരംഗങ്ങൾ വഴി തടസ്സമില്ലാതെ സന്ദേശങ്ങൾ കൈമാറും.
അഡാസും വി2വിയും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ റോഡ് സുരക്ഷ ഇരട്ടിയാകും. ഉദാഹരണത്തിന്, റോഡിലേക്ക് ചാടുന്ന കാൽനടയാത്രക്കാരെ അഡാസ് തിരിച്ചറിഞ്ഞു ബ്രേക്കിടുമ്പോൾ, അര കിലോമീറ്റർ അകലെയുള്ള വളവിൽ വാഹനം നിശ്ചലമായി കിടക്കുന്നത് വി2വി തിരിച്ചറിഞ്ഞ് ഡ്രൈവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകും.
രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കും
വാഹന നിർമാതാക്കൾ കമ്പനി തലത്തിൽ തന്നെ ഘടിപ്പിക്കുന്ന ഓൺബോർഡ് യൂണിറ്റുകൾ (OBU) വഴിയാണ് വി2വി പ്രവർത്തിക്കുക. എയറോനോട്ടിക്കൽ/ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്സ് (AIS-230) അനുസരിച്ചായിരിക്കും ഇതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുക. സൈബർ സുരക്ഷ, ജി.പി.എസ് കൃത്യത എന്നിവയ്ക്ക് കർശന നിർദേശങ്ങളുണ്ടാകും.
- ഒന്നാം ഘട്ടം (2027 ഒക്ടോബർ 1 മുതൽ): നിർമാതാക്കൾ AIS-230 മാനദണ്ഡങ്ങൾ പാലിച്ച് വി2വി സംവിധാനങ്ങൾ ഘടിപ്പിച്ചു തുടങ്ങും.
- രണ്ടാം ഘട്ടം (2028 ഒക്ടോബർ 1 മുതൽ): രാജ്യത്ത് നിർമിക്കുന്ന മുഴുവൻ പുതിയ വാഹനങ്ങളിലും വി2വി നിർബന്ധമാക്കും.
ലോകത്ത് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ, ഡ്രൈവർമാരുടെ കാഴ്ചമറയുന്നത് മൂലമുണ്ടാകുന്ന പിഴവുകൾ പരിഹരിക്കാൻ വി2വി വലിയ പങ്കുവഹിക്കും. വെഹിക്കിൾ ടു ഇൻഫ്രാസ്ട്രക്ചർ (V2I), സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ്, സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ എന്നിവയിലേക്കുള്ള ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ തുടക്കം കൂടിയാണിത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടിച്ചേർത്ത ശേഷമായിരിക്കും കേന്ദ്രം അന്തിമ ഉത്തരവിറക്കുക.
