സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തി, ലഹരി നൽകി നടിയെ പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

മുംബൈ: സിനിമയെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി നടിയെ ലഹരി പാനീയം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ബോളിവുഡ് സംവിധായകനും നിർമാതാവുമായ ഷക്കീൽ നൂറാനി (73) അറസ്റ്റിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ‘ബഡേ ദിൽവാലാ’ (1999), ‘ജോരു കാ ഗുലാം’ (2000) എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനും രചയിതാവുമാണ് നൂറാനി.
2016ൽ ലോഖണ്ഡ്വാലയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെയാണ് പരാതിക്കാരിയായ നടിയും നൂറാനിയും പരിചയപ്പെടുന്നത്. തുടർന്ന് അവസരങ്ങൾക്കായി ബന്ധപ്പെടാമെന്ന് അറിയിച്ച നൂറാനി, പുതിയ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യാനായി നടിയെ മുംബൈയിലെ സ്വന്തം വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിച്ച ശേഷം ലഹരി കലർത്തിയ പാനീയം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
