രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ ഫലം നിരാശാജനകം: സോനം വാങ്ചുക്

ന്യൂഡൽഹി: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കണമെന്നായിരുന്നു താനും ഭാര്യ ഗീതാഞ്ജലി ആങ്മോയും ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായ നിലപാട് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ച ഭാര്യ ഗീതാഞ്ജലിയുടെ നിലപാടിനെ പിന്തുണച്ചാണ് വാങ്ചുക് രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിക്കാൻ ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. എന്നാൽ അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അവർ പരസ്യ പ്രതികരണത്തിന് നിർബന്ധിതയായതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭരണ-പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ചുള്ള വേദിയിൽ വെച്ച് സമരം അവസാനിപ്പിക്കാനായിരുന്നു തങ്ങൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ജന്തർമന്തറിലെ സമരവേദിയിലേക്ക് പ്രതിപക്ഷ നേതാക്കൾ എത്തിയത് വൈകിയാണ്. അർധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയ ശേഷം സമരം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ രാഷ്ട്രീയ നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിടരുതെന്ന് നിർദേശമുണ്ടായിരുന്നു. ഇന്റലിജൻസ് ബ്യൂറോയിലെ (IB) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ധാരണയെന്നും സോനം വാങ്ചുക് കൂട്ടിച്ചേർത്തു.
