യുദ്ധവറുതിയില് ഇറാന്: കിട്ടുന്നതെന്തും വിറ്റ് ജനം

ടെഹ്റാന്: യു.എസുമായുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലമര്‍ന്ന് ഇറാന് ജനത. സ്വന്തം മുടി മുതല്‍ പെര്‍ഫ്യൂം കുപ്പികള്‍ വരെ കൈയില്‍ കിട്ടുന്നതെന്തും വിറ്റും വാടകയ്ക്കു കൊടുത്തും ഒരു നേരത്തെ അന്നത്തിനായി നെട്ടോട്ടമോടുകയാണ് സാധാരണക്കാര്‍. രൂക്ഷമായ യുദ്ധസാഹചര്യത്തില്‍ രാജ്യത്ത് ഒരു ‘അതിജീവന സമ്പദ്വ്യവസ്ഥ’ തന്നെ രൂപപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇല്‍ന’ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ ഘട്ടങ്ങളില്‍ യാതൊരു വിലയും കൽപ്പിക്കാതിരുന്ന പല വസ്തുക്കളുമാണ് ഇന്ന് അനേകം കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് മുടി വില്‍പ്പനയാണ്. മുടിയുടെ നീളം, നിറം, ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് റിയാലാണ് പലരും ഇതിലൂടെ സമ്പാദിക്കുന്നത്. ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പുകളും കാലിയായ പെര്‍ഫ്യൂം കുപ്പികള്‍ പോലും ഓണ്‍ലൈന്‍ വഴി വില്പ്പനയ്ക്കുവെക്കുന്നവരുടെ എണ്ണം പെരുകുകയാണ്.
വിലക്കയറ്റം കൊടുമുടി കയറിയതോടെ ഓരോ റിയാലും ഇറാന് ജനതയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു. ആധുനിക കാലത്ത്യാ അവശ്യ ഘടകമായ ലാപ്ടോപ്പുകള് പോലും പലര്‍ക്കും ഇന്ന് അപ്രാപ്യമായ ആഡംബര വസ്തുവാണ്. തുടർന്നാണ് ഇവ മണിക്കൂര്‍ കണക്കിന് വാടകയ്ക്കു നല്കുന്ന പുതിയ രീതിക്ക് തുടക്കമിട്ടത്. ജോലി ആവശ്യങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുമായി അല്പ്പനേരത്തേക്ക് മാത്രമായി ലാപ്ടോപ്പുകള് വാടകയ്ക്കെടുക്കുന്നവരുടെ തിരക്കാണ് എങ്ങും.
കഴിഞ്ഞ മാസം അവസാനത്തോടെ രാജ്യത്തെ വിലക്കയറ്റ തോത് 66 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ ജനങ്ങളുടെ വാങ്ങല്‍ശേഷി പൂര്‍ണമായും തകര്‍ന്നു. നിത്യച്ചെലവുകള്‍ പോലും മുന്നോട്ട് കൊണ്ടുപോകാനാവാതെ, മരുന്നും ഭക്ഷണസാമഗ്രികളും വരെ തവണവ്യവസ്ഥയില്‍ (EMI) വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍.
