താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍; ‘ലവ് ആന്‍ഡ് വാര്’ പൂര്‍ത്തിയാക്കാന്‍ പ്ലാനിംഗ് കൃത്യമാക്കി സഞ്ജയ് ലീല ബന്‍സാലി

കൊച്ചി: ബോളിവുഡിലെ മാന്ത്രിക സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ലവ് ആന്‍ഡ് വാറി’ന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. അഭിനേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകൾ കണക്കിലെടുത്ത്, ഈ മാസം അവസാനത്തിന് മുൻപ് തന്നെ ചിത്രീകരണം പൂർത്തിയാക്കാനുള്ള കർശന പ്ലാനിങ്ങിലാണ് അണിയറപ്രവർത്തകർ.
രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പിരീഡ് ഡ്രാമയാണ്. യുവനിരയിലെ പ്രമുഖ താരങ്ങളുടെ ഡേറ്റ് കൃത്യമായി പാലിക്കുക എന്നത് സംവിധായകനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. സെപ്റ്റംബർ മധ്യത്തോടെ തന്റെ പുതിയ ചിത്രമായ ‘രാമായണ പാർട്ട് 1’ന്റെ പ്രൊമോഷണൽ തിരക്കുകളിലേക്ക് രൺബീർ കപൂർ കടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം അതിവേഗം തീർക്കേണ്ടത് അനിവാര്യമാണ്.
ഫെെനൽ ഷെഡ്യൂളിനായി കൃത്യമായ പ്ലാനാണ് സംവിധായകൻ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ നിർണായകമായ യുദ്ധരംഗങ്ങളുടെ ചിത്രീകരണത്തിനായി 50 സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളും 300 മുതല്‍ 500 വരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കും. ഈ രംഗങ്ങൾ കുറ്റമറ്റതാക്കാൻ 10 ദിവസത്തെ പ്രത്യേക റിഹേഴ്സലും പ്ലാൻ ചെയ്തിട്ടുണ്ട്.
വാര് ഡ്രാമയും ത്രികോണ പ്രണയവും പശ്ചാത്തലമാക്കിയെത്തുന്ന ചിത്രം വൻ പ്രതീക്ഷകളോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ചിത്രം 2027 ജനുവരി 21-ന് തിയറ്ററുകളിലെത്തും.
