പ്രതീക്ഷിച്ചതിലും നേരത്തെ? ‘ജനനായകന്’ റിലീസ്, ആകാംക്ഷയില്‍ ആരാധകര്‍

തമിഴ് സിനിമാ ലോകം സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ജനനായകൻ’. ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അഭിനയിച്ച അവസാന ചിത്രം എന്ന സവിശേഷത തന്നെയാണ് സിനിമയെ വാർത്തകളിൽ നിറച്ചുനിർത്തുന്നത്. തമിഴ് സിനിമയുടെ ഏറ്റവും വലിയ ഉത്സവ സീസണായ പൊങ്കൽ റിലീസായി കഴിഞ്ഞ ജനുവരി 9-ന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു.
നീണ്ട ആറ് മാസത്തെ അനിശ്ചിതത്വങ്ങൾക്കും ആരാധകരുടെ വലിയ കാത്തിരിപ്പുകൾക്കും ഒടുവിൽ ‘ജനനായകൻ’ വലിയ സ്ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് തീയതിയെക്കുറിച്ച് സിനിമാ ലോകത്ത് പുതിയ ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഉടൻ തീയറ്ററുകളിൽ എത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ജൂലൈ 24-ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ശക്തമായ പ്രചാരണം. ആരാധകർക്ക് പുറമെ ചിത്രത്തിന്റെ വിദേശ വിതരണക്കാർ പോലും ഈ തീയതി പങ്കുവെച്ചതോടെ ജൂലൈ 24 ഉറപ്പിച്ച മട്ടിലായിരുന്നു സിനിമാ ലോകം. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഈ തീയതിക്കും മുൻപേ തന്നെ ‘ജനനായകൻ’ തീയറ്ററുകളിലേക്ക് എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
