പൊലീസ് വേഷത്തിൽ സൈജു കുറുപ്പ്; ‘ആരം’ പുതിയ പോസ്റ്റർ

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആര’ത്തിന്റെ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. സി.ഐ ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലെത്തുന്നത്. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്ന് സെപ്റ്റംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘കിനാവള്ളി’ക്ക് ശേഷം വിഷ്ണു രാമചന്ദ്രൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും നിർവ്വഹിക്കുന്നു.
രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ വരികളെഴുതുന്നു. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗായകർ.
