തകരാറിലായ വാഹനം റോഡിൽ ഉപേക്ഷിച്ചാൽ ഗുരുതര നിയമലംഘനം, പ്രവാസികൾക്ക് പിഴ അടക്കാതെ രാജ്യം വിടാൻ അനുമതിയില്ല

കുവൈത്ത് സിറ്റി: തകരാറിലായ വാഹനങ്ങൾ റോഡിൽ ദീർഘനേരം ഉപേക്ഷിച്ചിടുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി പിടിച്ചെടുക്കുമെന്ന് കുവൈത്ത് അധികൃതർ. വാഹന ഉടമയ്ക്കെതിരെ കടുത്ത ട്രാഫിക് നടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ മുന്നറിയിപ്പ് നൽകി. ‘ഗുഡ് മോർണിംഗ് കുവൈത്ത്’ റേഡിയോ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ പലയിടത്തും ഗതാഗത നിയന്ത്രണമുണ്ട്. ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് അൽ മഗ്രിബ് റോഡിലേക്കുള്ള പ്രവേശന കവാടവും അൽ മഗ്രിബ്, കിംഗ് ഫഹദ് (ബയാൻ കൊട്ടാരത്തിന് സമീപം) റോഡുകളിലെ രണ്ടു ലെയിനുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാർ നിർദേശങ്ങൾ പാലിക്കുകയും ബദൽ വഴികൾ തിരഞ്ഞെടുക്കുകയും വേണം.
വേനൽച്ചൂട് കടുക്കുന്നതോടെ ഹൈവേകളിൽ വാഹനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ വാഹനം സുരക്ഷിതമായി റോഡിന്റെ വലതുവശത്തേക്ക് മാറ്റിയിടണം. ഹസാർഡ് ലൈറ്റുകൾ തെളിക്കുകയും വാഹനം ടോ ചെയ്ത് മാറ്റുന്നത് വരെ മുന്നറിയിപ്പ് ത്രികോണം (Warning Triangle) സ്ഥാപിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.
അവധിക്ക് കരമാർഗം യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് മുമ്പ് ടയർ, ബ്രേക്ക്, എൻജിൻ ഓയിൽ, കൂളന്റ് എന്നിവ കൃത്യമായി പരിശോധിക്കണം. വാഹന രജിസ്ട്രേഷൻ കാലാവധി ഉറപ്പാക്കേണ്ടതുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്ക് സാധുവായ പ്രാദേശിക ലൈസൻസ് ഉപയോഗിച്ച് യാത്ര ചെയ്യാം. എന്നാൽ ജി.സി.സിക്ക് പുറത്തേക്ക് പോകുന്നവർ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് നിർബന്ധമായും കൈവശം വെക്കണം.
അതേസമയം, കുടിശ്ശികയുള്ള ട്രാഫിക് പിഴകൾ അടച്ചുതീർക്കാതെ പ്രവാസികൾക്ക് രാജ്യം വിടാനാകില്ല. കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ യാത്ര തിരിക്കുന്നതിന് മുമ്പ് എല്ലാ ട്രാഫിക് പിഴകളും അടച്ചുതീർത്തുവെന്ന് ഉറപ്പാക്കണമെന്നും ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ഓർമ്മിപ്പിച്ചു.
