‘അവളുടെ പ്രായത്തില്‍ ഞാനായിരുന്നെങ്കില്‍ ചിലപ്പോള്‍ വീട്ടില്‍ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ; എന്റെ മോള് ഇത്രയല്ലേ ചെയ്തുള്ളൂ…’ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവത്തിൽ മകൾ അഹാന കൃഷ്ണയ്ക്ക് പരസ്യ പിന്തുണയുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. മൂത്ത മകൾ നടത്തിയ പ്രതികരണത്തിൽ തെറ്റില്ലെന്നും തന്റെ അതേ സ്വഭാവമാണ് മകൾക്കും ലഭിച്ചിരിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
“എനിക്ക് ഇപ്പോൾ 58 വയസ്സുണ്ട്, അഹാനയ്ക്ക് മുപ്പതും. ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ അച്ഛന്റെ ഫീമെയിൽ വേർഷൻ ആണെന്ന് പറയാറുണ്ട്. മുപ്പതാമത്തെ വയസ്സിൽ ഞാനായിരുന്നെങ്കിൽ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടിക്കൂട്ടിയേനേ. എന്റെ മോൾ അത്രപോലും ചെയ്തില്ലല്ലോ…” – കൃഷ്ണകുമാർ പറഞ്ഞു.
ചെറുപ്പത്തിൽ താൻ വളരെയധികം പ്രതികരിക്കുന്ന ആളായിരുന്നുവെന്നും അതിന്റെ പേരിൽ നിരവധി പ്രശ്നങ്ങളിൽ ചെന്നുപെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു. അന്നൊക്കെ സീരിയൽ മേഖലയിൽ തന്നെ ‘പ്രശ്നകുമാർ’ എന്നാണ് വിളിച്ചിരുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൃഷ്ണകുമാറിന്റെ കുടുംബവും സിന്ധു കൃഷ്ണയുടെ അമ്മ വസന്തയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. സിന്ധുവിന്റെ കുടുംബം അമ്മയെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണവുമായി സഹോദരീപുത്രി തൻവി രംഗത്തെത്തിയതോടെയാണ് വിഷയം പൊതുശ്രദ്ധയിലെത്തുന്നത്.
തുടർന്ന്, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട സ്വകാര്യ വിഷയങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത മാനസിക വിഷമമുണ്ടെന്ന് വ്യക്തമാക്കി അഹാന സോഷ്യൽ മീഡിയയിൽ വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകളെ പിന്തുണച്ച് കൃഷ്ണകുമാർ രംഗത്തെത്തിയത്.
വീട്ടിൽ ഒരു വിഷയം നടക്കുമ്പോൾ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണെന്നും, പ്രതികരിക്കരുതെന്ന് താൻ പറയുന്നതിന് മുൻപ് തന്നെ അഹാന പ്രതികരിച്ചു പോയതാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
