ഡോ.റാമിന് രക്ഷപ്പെടാൻ DYSP പഴുതൊരുക്കി, ‘എന്തിനാണ് ഇങ്ങനെയൊരു പോലീസ്?’ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചതായി ഹൈകോടതിയുടെ രൂക്ഷവിമർശനം. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഇങ്ങനെയൊരു പോലീസ് എന്തിനാണെന്നും കോടതി ചോദിച്ചു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് നിരീക്ഷണം.
ഹൈകോടതി ഉന്നയിച്ച പ്രധാന വിഷയങ്ങൾ:
- നടപടിക്രമങ്ങളിൽ ബോധപൂർവമായ വീഴ്ച: സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പോലീസിന് മറ്റു വഴികളില്ലാതെ വന്നപ്പോഴാണ് ഡോ. റാമിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റിനുള്ള കാരണം അറിയിക്കാതിരുന്നാൽ നടപടിക്രമം നിയമവിരുദ്ധമാകുമെന്നും പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും വ്യക്തമായി അറിഞ്ഞിട്ടും പോലീസ് ബോധപൂർവം വീഴ്ച വരുത്തുകയായിരുന്നു.
- സസ്പെൻഷനും അന്വേഷണവും: പ്രതിക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ ഡിവൈ.എസ്.പി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സസ്പെൻഡ് ചെയ്യണം. പ്രതിയുടെ അഭിഭാഷകനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണം.
- അഴിമതി ആരോപണം: “പണത്തിന് മീതെ പരുന്തും പറക്കില്ല” എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പ്രതിയുടെ പണവും ആനുകൂല്യങ്ങളും പറ്റി ഒത്താശ ചെയ്യുകയാണ് പോലീസ് ചെയ്തത്.
- ഉദ്യോഗസ്ഥർ തലസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: ഈ കേസിൽ സംഭവിച്ചത് ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ്. ഉന്നത പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥർ തലസ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും കോടതി ഓർമിപ്പിച്ചു.
പോലീസിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ഡോ. റാമിനെ രക്ഷിക്കാനുള്ള ഗൂഢാലോചന ഉണ്ടായെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥർ തലസ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടന്നില്ലെങ്കിൽ കോടതിയുടെ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
