‘ഡാം തകര്‍ന്നാല്‍ 4 ജില്ലകള്‍ മുങ്ങും, ഇവിടുത്തെ സിനിമാക്കാര് മിണ്ടണമെങ്കില്‍ കോടികള്‍ കിട്ടണം’ ; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനത്തിൽ കേരളത്തിലെ സിനിമാക്കാരുടെയും സാംസ്കാരിക നായകരുടെയും മൗനത്തിനെതിരെ കടുത്ത വിമർശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കാവേരി തർക്കത്തിന് പിന്നാലെ തമിഴ്നാട് പൂർണ്ണമായും മുല്ലപ്പെരിയാറിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ പ്രതികരിക്കാൻ സിനിമാക്കാർക്ക് സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറപ്പിൽ ആരോപിച്ചു.
തമിഴ്നാട് ബജറ്റിൽ വിജയ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 152 അടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. അനുവദനീയമായ പരിധിയായ 136 അടിപോലും മറികടന്നുള്ള ഇത്തരം നീക്കങ്ങൾ കേരളത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഡാമിലെ വെള്ളത്തിന്റെ അളവ് കൂട്ടുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.
“ഡാം തകർന്നാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ നാല് ജില്ലകൾ പൂർണ്ണമായും വെള്ളത്തിനടിയിലാകും. എന്നാൽ ഇത്തരം ഒരു അതീവ ഗുരുതര വിഷയത്തിൽ കേരളത്തിലെ ഒരു സിനിമാക്കാരനും സംസാരിക്കില്ല. വിദേശത്തുനിന്നോ മറ്റ് ശക്തികളിൽ നിന്നോ കോടികൾ കൈക്കൂലി കിട്ടിയാൽ മാത്രമേ ചിലർ പ്രതികരിക്കൂ. പണം ലഭിച്ചാൽ ഡൽഹിയിലോ ന്യൂയോർക്കിലോ പോയി സമരം ചെയ്യാൻ മടിയില്ലാത്തവരാണിവർ,” എന്ന് അദ്ദേഹം കുറിച്ചു.
തങ്ങളുടെ സിനിമ റിലീസ് ചെയ്യുമ്പോഴോ സ്വന്തം രാഷ്ട്രീയം നോക്കിയോ മാത്രമാണ് പല പ്രമുഖരും പ്രതികരിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാം ദുരന്തമുണ്ടായാൽ ജനങ്ങളെ രക്ഷിക്കാൻ സിനിമാ ഹീറോകൾ ആരും വരില്ലെന്ന് തിരിച്ചറിഞ്ഞ് ജനങ്ങൾ തന്നെ ജാഗ്രത പാലിക്കണമെന്നും, സിനിമാക്കാരെക്കൊണ്ട് ഇതിൽ പ്രതികരിപ്പിക്കാൻ ആരാധകർ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
