ട്രംപിനെ ഇറാൻ ഭയപ്പെടുത്തിയോ? നാടകീയ ഒളിച്ചോട്ടം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരെ അപകടത്തിലാക്കിയെന്ന് വിമർശനം

“സ്വന്തം ജീവൻ രക്ഷിക്കാൻ ട്രംപ് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. സൈനികരെ അപകടത്തിലേക്ക് തള്ളിയിടാൻ മടിക്കാത്ത അദ്ദേഹം, ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിയുള്ള വിമാനത്തിലാക്കി ക്യാറ്ററിങ് ട്രക്കിൽ കയറി ഒളിച്ചോടുകയായിരുന്നു.” — ജെ.ബി. പ്രിറ്റ്സ്കർ (ഇല്ലിനോയ്സ് ഗവർണർ)
പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള ആക്രമണ സാധ്യത നിലനിൽക്കെ, അദ്ദേഹം രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറുകയും മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും ഭീഷണി നിലനിൽക്കുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോൾ, “ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിച്ച വിമാനത്തിനാണ് കൂടുതൽ ഭീഷണിയുണ്ടായിരുന്നത്… ശത്രുക്കൾ ലക്ഷ്യമിടാൻ സാധ്യത ആ വിമാനത്തെയായിരിക്കും,” എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ, മാധ്യമപ്രവർത്തകർ അപകടത്തിലായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നൽകാൻ വൈറ്റ് ഹൗസിന് സാധിച്ചിട്ടില്ല.
വരാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ ഇത് പ്രധാന രാഷ്ട്രീയ ആയുധമാക്കുമെന്നാണ് സൂചന.
ഇറാന് ലഭിച്ച ‘പ്രചാരണ വിജയം’
അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷാ നീക്കങ്ങളിലൂടെ വഴിതിരിച്ചുവിടാൻ നിർബന്ധിതനാക്കാൻ കഴിഞ്ഞത് ഇറാന് വലിയ രാഷ്ട്രീയ-പ്രചാരണ വിജയമാണ് (Propaganda Coup) നൽകിയിരിക്കുന്നത്. അമേരിക്കൻ സൈനിക ശേഷിയെ തകർത്തുവെന്നും തങ്ങൾക്ക് ഭീഷണിയില്ലെന്നുമുള്ള വാഷിങ്ടന്റെ അവകാശവാദങ്ങളെ ഈ സംഭവം നിഷ്പ്രഭമാക്കുന്നു.
യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് ട്രംപിന് നേരെ വധഭീഷണി ശക്തമായത്. മുൻപ് ഒന്നാം ഭരണകാലത്ത് ഇറാന്റെ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതും ട്രംപായിരുന്നു. ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ വെച്ച് ട്രംപിനോട് പകരംവീട്ടുമെന്ന് ഇറാനിയൻ പ്രക്ഷോഭകർ പ്രഖ്യാപിച്ചിരുന്നു.
തിരിച്ചടിയാകുന്ന കണക്കുകൾ
- ഹോർമൂസ് കടലിടുക്ക്: ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി തുറന്നിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം ഇപ്പോഴും ഇറാന്റെ സ്വാധീനവലയത്തിലാണെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ.
- മിസൈൽ ശേഖരത്തിലെ ക്ഷാമം: ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജയം കൈവരിച്ചതായി യു.എസ് പ്രഖ്യാപിച്ചെങ്കിലും, സൈനിക നടപടികൾ അമേരിക്കയുടെ മിസൈൽ ശേഖരത്തെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രധാന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനത്തോളം ഇന്റർസെപ്റ്ററുകൾ തീർന്നുപോയതായി സി.എൻ.എൻ (CNN) വ്യക്താക്കിയിരുന്നു.
- ഖത്തർ വിമാന വിവാദം: ഖത്തർ സമ്മാനിച്ച പുതുക്കിയ ബോയിങ് വിമാനത്തിലെ സുരക്ഷാ മുൻകരുതലുകളുടെ കുറവും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
2024-ലെ വധശ്രമത്തിനിടെ പരിക്കേറ്റപ്പോഴും “പോരാടൂ” എന്ന് ആഹ്വാനം ചെയ്ത് പ്രതിച്ഛായ നിലനിർത്തിയ ട്രംപിന്, അങ്കാറയിലെ വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന സംഭവങ്ങൾ തിരിച്ചടിയായിരിക്കുകയാണ്. ഒരു നാറ്റോ സഖ്യരാജ്യത്തിന്റെ മണ്ണിൽ വെച്ച് അമേരിക്കൻ പ്രസിഡന്റിന് രഹസ്യ സുരക്ഷാ നീക്കങ്ങളിലൂടെ മടങ്ങേണ്ടി വന്നത് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ യു.എസ് മേധാവിത്വത്തിന് ഏൽപ്പിച്ച ആഘാതമായാണ് നിരീക്ഷകർ കാണുന്നത്.
