ഖസീം പ്രവിശ്യയിലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര, ബുറൈദ സമ്മർ ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു

ഖസീം: ചരിത്രവും പാരമ്പര്യവും നെഞ്ചിലേറ്റുന്ന പഴയകാല ഓർമ്മകളിലേക്ക് വാതിൽ തുറന്ന് ബുറൈദ സമ്മർ ഫെസ്റ്റിവൽ ശ്രദ്ധേയമാകുന്നു. ഖസീം മേഖലയുടെ തനത് പെരുമയും സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന വേറിട്ട കാഴ്ച്ചകളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ പഴമയുടെ ഭംഗി വിളിച്ചോതുന്ന പരിപാടികൾ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
മുൻതലമുറ കൈമാറിപ്പോന്ന ആചാരങ്ങളും പരമ്പരാഗത ജീവിതരീതികളും അടുത്തറിയാൻ സന്ദർശകർക്ക് മേള അവസരമൊരുക്കുന്നു. നാടൻ പാട്ടുകൾ, പരമ്പരാഗത കലാരൂപങ്ങൾ, പഴയകാല വസ്ത്രധാരണ രീതികൾ എന്നിവ മേളയ്ക്ക് മാറ്റുകൂട്ടുന്നു. പണ്ടുകാലങ്ങളിൽ വീടുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, അപൂർവ്വമായ കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രത്യേക പ്രദർശനവും സന്ദർശകരെ ആകർഷിക്കുന്നു.
ദേശീയ സംസ്കാരവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതോടൊപ്പം, മുൻകാലങ്ങളിലെ ലളിതമായ ജീവിതരീതി അടുത്തറിയാൻ ഈ പ്രദർശനം ഏറെ സഹായകമാണ്. ഏറേ കൗതുകത്തോടെയാണ് സ്വദേശികളും വിദേശികളുമായ സന്ദർശകർ ഓരോ കാഴ്ചകളും കണ്ടുതീർക്കുന്നത്. നാടിന്റെ പാരമ്പര്യത്തോടുള്ള സ്നേഹവും പ്രതിബദ്ധതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കുട്ടികൾക്കും യുവാക്കൾക്കും മുൻതലമുറയുടെ ചരിത്രവും ജീവിതവും മനസ്സിലാക്കാനും, രാജ്യാഭിമാനം വളർത്താനും ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
