‘ചില വിടവാങ്ങലുകൾ എളുപ്പമല്ല; പക്ഷേ താങ്കള്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഈ യാത്രയെ ‘അതിമനോഹര’മാക്കി…’മീര ജാസ്മിന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്ന് തരുണ്‍ മൂര്‍ത്തി

കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അതിമനോഹര’ത്തിൽ തൻ്റെ അഭിനയമുഹൂർത്തങ്ങൾക്ക് തിരിശീലയിട്ട് നടി മീര ജാസ്മിൻ. ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് മീര ജാസ്മിൻ്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ചത്. ഒപ്പം മീരക്കൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.
“ഒടുവിൽ, നമ്മുടെ നായികയോട് വിടപറയുന്നു… സെറ്റിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും ഊഷ്മളതയ്ക്കും മനോഹരമായ ഊർജ്ജത്തിനും നന്ദി മീര. ചില വിടവാങ്ങലുകൾ ഒരിക്കലും എളുപ്പമല്ല, പക്ഷേ താങ്കൾ സമ്മാനിച്ച ഓർമ്മകളാണ് ഈ യാത്രയെ യഥാർത്ഥത്തിൽ ‘അതിമനോഹരം’ ആക്കുന്നത്…” — തരുൺ മൂർത്തി (ഇൻസ്റ്റാഗ്രാം കുറിപ്പിൽ)
സംവിധായകൻ്റെ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് മീര ജാസ്മിനും മറുപടി നൽകി. “എല്ലാ പിന്തുണയ്ക്കും വിശ്വാസത്തിനും അത്ഭുതകരമായ ഓർമ്മകൾക്കും നന്ദി തരുൺ. താങ്കളുടെ കാഴ്ച്ചപ്പാടിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. വീണ്ടും ഒരുമിച്ച് ആ മാജിക് സൃഷ്ടിക്കാൻ കാത്തിരിക്കുന്നു…” എന്ന് മീര കുറിച്ചു.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലും മീര ജാസ്മിനും ഒന്നിച്ചെത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റു അപ്ഡേറ്റുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
