കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ, അബ്സൻസ് പെർമിറ്റ് ആനുകൂല്യങ്ങൾ സെപ്റ്റംബർ 1ന് അവസാനിക്കും

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളും വ്യോമഗതാഗത തടസ്സങ്ങളും മുൻനിർത്തി വിസിറ്റ് വിസക്കാർക്കും വിദേശത്തു കഴിയുന്ന പ്രവാസികൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ഇളവുകൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത് തീരുമാനിച്ചു. സെപ്റ്റംബർ 1 മുതൽ സംഘർഷത്തിന് മുമ്പുണ്ടായിരുന്ന പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി അവസാനം വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് വിസിറ്റ് വിസകളുടെ കാലാവധിയും, വിദേശത്ത് ആറു മാസത്തിൽ കൂടുതൽ തങ്ങാനുള്ള പ്രത്യേക പെർമിറ്റ് കാലാവധിയും കുവൈത്ത് നീട്ടി നൽകിയിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം സന്ദർശന വിസകളിൽ രാജ്യത്തുള്ളവർക്ക് നൽകിയിരുന്ന ഓട്ടോമാറ്റിക് വിസ നീട്ടൽ സെപ്റ്റംബർ ഒന്നിന് അവസാനിക്കുകയും ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന സാധാരണ വിസാ ചട്ടങ്ങളിലേക്ക് ആഭ്യന്തര മന്ത്രാലയം മടങ്ങുകയും ചെയ്യും. കൂടാതെ, പ്രവാസികൾക്ക് വിദേശത്ത് നിശ്ചിത കാലാവധിയിൽ കൂടുതൽ തങ്ങാൻ അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റുകളുടെ കാലാവധി ഇനി ദീർഘിപ്പിച്ചു നൽകില്ല; എന്നാൽ ഓഗസ്റ്റ് 31 വരെ കുവൈത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യം തുടർന്നും ലഭ്യമാകും. അബ്സൻസ് പെർമിറ്റുകളുടെ അന്തിമ കാലാവധി നിർണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ഗവൺമെന്റ് ആപ്പായ ‘സഹെൽ’ നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക. വ്യോമഗതാഗതം സാധാരണ നിലയിലായ പശ്ചാത്തലത്തിലാണ് വിസ ആനുകൂല്യങ്ങൾ പിൻവലിച്ച് കുവൈത്ത് പഴയ നിയമങ്ങളിലേക്ക് തിരികെ പോകുന്നത്.
