ഓണാഘോഷം; തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ വാരാഘോഷത്തിന് തുടക്കമായതോടെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച വരെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 12 വരെയാണ് പ്രധാന പാതകളിൽ നിയന്ത്രണമുണ്ടാകുക. തിരക്ക് കണക്കിലെടുത്ത് റോഡുകളിലും നടപ്പാതകളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നിർദിഷ്ട പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനം നിർത്തുന്നവർ മടങ്ങിപ്പോകുന്ന സമയത്ത് ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണമെന്നും സിറ്റി പോലീസ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കുള്ള റൂട്ടുകളായതിനാൽ മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, ആൽത്തറ, പി.എച്ച്.ക്യു, മാനവീയം, കെൽട്രോൺ, കനകക്കുന്ന്, മ്യൂസിയം, കോർപറേഷൻ, എ.ആർ ക്യാമ്പ്, കനകനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, ടി.ടി.സി തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ സമയബന്ധിതമായി യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും, നഗരത്തിന് പുറത്തുനിന്നെത്തുന്നവർ വാഹനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ നിർത്തിയിട്ട ശേഷം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.
