‘ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞു, ആ വസന്തകാലം കഴിഞ്ഞു; ഗായകർക്ക് സിനിമ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല…’ മധു ബാലകൃഷ്ണന്

കൊച്ചി: സിനിമയിൽ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞുവരികയാണെന്നും ഇനി വരുന്ന കാലത്ത് ചലച്ചിത്രങ്ങളെ മാത്രം ആശ്രയിച്ച് പിന്നണി ഗായകർക്ക് മുന്നോട്ടു പോകാനാകില്ലെന്നും പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ. പുതിയ തലമുറയിലെ ഗായകർ സ്വന്തം ബാന്റുകളിലേക്കും സിംഗിൾസിലേക്കും വഴിമാറുന്നതിന്റെ കാരണം ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.
“ഇനിയുള്ള കാലത്ത് ഗായകർ സിനിമയെ മാത്രം ആശ്രയിച്ച് ജീവിച്ചിട്ട് കാര്യമില്ല. മലയാള സംഗീതത്തിന്റെ വസന്തകാലം കഴിഞ്ഞു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ, എസ്. ജാനകി, പി. സുശീല തുടങ്ങിയ മഹാപ്രതിഭകളുടെ കാലഘട്ടത്തിന് ശേഷം എം.ജി. ശ്രീകുമാർ, ഉണ്ണിമേനോൻ, വേണുഗോപാൽ, സുജാത തുടങ്ങിയവരുടെ നിരയും എത്തി. തുടർന്ന് ബിജു നാരായണൻ, സുദീപ് കുമാർ, അഫ്സൽ, ഞാൻ എന്നിവരടങ്ങുന്ന സംഘവും പിന്നണി ഗാനരംഗത്തെത്തി. സംഗീതത്തിന്റെ ആ വസന്തകാലം അവസാനിക്കുന്ന സമയത്താണ് ഞങ്ങൾ കടന്നുവന്നത്. അതുകൊണ്ടുതന്നെ ഒരുപിടി നല്ല ഗാനങ്ങളും പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു” -മധു ബാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ ഇന്ന് സിനിമയിൽ പാട്ടുകൾക്ക് നൽകിയിരുന്ന പ്രാധാന്യം പാടെ കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ‘ശങ്കരാഭരണം’, ‘സർഗം’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘ഭരതം’ തുടങ്ങിയ സിനിമകളെല്ലാം പാട്ടുകൾക്ക് പ്രാധാന്യം നൽകി നിർമിച്ചവയായിരുന്നു. ഒരു സിനിമയിൽ 12 പാട്ടുകൾ വരെ ഉണ്ടായിരുന്ന കാലത്തുനിന്ന് അത് നാലോ അഞ്ചോ പാട്ടുകളായും പിന്നീട് ഒറ്റപ്പാട്ടിന്റെ പല്ലവിയും അനുപല്ലവിയായും ചുരുങ്ങി.
ഇന്ന് അഭിനേതാക്കൾ പാടി അഭിനയിക്കുന്ന രീതി മാറി, ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്ന അശരീരി പാട്ടുകളിലേക്ക് സിനിമ മാറിപ്പോയി. ഹോളിവുഡ് സിനിമകളിലേതുപോലെ ചിത്രത്തിന്റെ അവസാനം ക്രെഡിറ്റ്സ് കാണിക്കുമ്പോൾ മാത്രം പാട്ടുകളെക്കുറിച്ച് പരാമർശിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിലാണ് പുതിയ ഗായകർ ബാന്റുകൾ, ഒറിജിനൽസ്, സിംഗിൾസ് എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യൽ മീഡിയയും റിയാലിറ്റി ഷോകളും പരമാവധി പ്രയോജനപ്പെടുത്തി കഴിവ് തെളിയിക്കാനുള്ള നിരവധി പ്ലാറ്റ്ഫോമുകൾ ഇന്നുണ്ട്. അതിനാൽ ഇനി വരുന്ന കാലത്ത് ഗായകർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ സിനിമ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും മധു ബാലകൃഷ്ണൻ വ്യക്തമാക്കി.
